ക്രിപ്റ്റോ കറൻസി തകർച്ച: കുവൈത്തികൾക്ക് നഷ്ടമായത് കോടികൾ
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ ആഴ്ചകളിലുണ്ടായ ക്രിപ്റ്റോ കറൻസി മൂല്യത്തകർച്ചയിൽ നിരവധി കുവൈത്തികൾക്ക് കോടികൾ നഷ്ടമായി. അബു അഹ്മദ് എന്ന ഒരു കുവൈത്തിക്ക് മാത്രം 25 ലക്ഷം ദീനാർ നഷ്ടമായതായി അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഇദ്ദേഹത്തിന്റെ ആകെ നിക്ഷേപത്തിന്റെ നാലിലൊന്നും മൂല്യത്തകർച്ചയിൽ കുറഞ്ഞു. ലൂണ എന്ന ഡിജിറ്റൽ കറൻസിയിലാണ് ഇയാൾ നിക്ഷേപിച്ചത്. പല കുവൈത്തികളും ബാങ്ക് വായ്പയെടുത്ത് വരെ ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചിട്ടുണ്ട്. 50,000 ദീനാർ വായ്പയെടുത്ത് നിക്ഷേപിച്ച മറ്റൊരു കുവൈത്തിയുടെ നിക്ഷേപ തുക മൂന്നിലൊന്നായി കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ക്രിപ്റ്റോ കറൻസി നിക്ഷേപത്തിനെതിരെ കുവൈത്ത് സെൻട്രൽ ബാങ്ക് ഒരുപാട് മുന്നറിയിപ്പ് നൽകിയതാണ്. പെട്ടെന്ന് പണമുണ്ടാക്കാനായി വെർച്വൽ അസറ്റിൽ നിക്ഷേപിച്ചാൽ വലിയ നഷ്ട സാധ്യതയുണ്ടെന്നും പെട്ടെന്നുള്ള മൂല്യ വ്യത്യാസങ്ങൾ സാധാരണക്കാർക്ക് താങ്ങാൻ കഴിയില്ലെന്നും സെൻട്രൽ ബാങ്ക് ഗവർണർ ഡോ. മുഹമ്മദ് അൽ ഹാഷിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബാങ്ക് ഉപഭോക്താക്കളോടും പൊതുജനങ്ങളോടുമുള്ള ഉത്തരവാദിത്ത നിർവഹണ ഭാഗമായാണ് പ്രചാരണം നടത്തുന്നതെന്ന് ഡോ. മുഹമ്മദ് അൽ ഹാഷിൽ പറഞ്ഞു.
കുവൈത്തിൽ ഇത്തരം ഓൺലൈൻ കറൻസികൾക്ക് സൂപ്പർ വൈസറി, റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരമോ മേൽനോട്ടമോ ഇല്ല. ഊഹക്കച്ചവടത്തിനും വഞ്ചനക്കും സാധ്യതയേറെയാണ്. വ്യക്തികൾക്ക് ഇത് വലിയ പരിക്കേൽപ്പിക്കും. ബിറ്റ്കോയിനും മറ്റ് ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് തദ്ദേശീയ ബാങ്കുകളും കമ്പനികളും പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ഇടപാടും നടത്തരുതെന്ന് നേരത്തെയും സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് സെൻട്രൽ ബാങ്ക് അനുമതി നൽകിയിട്ടില്ല. പണമടക്കുന്നതിനോ നിക്ഷേപമായോ പരസ്പരമുള്ള ഇടപാടുകൾക്കോ ബിറ്റ് കോയിൻ ഉപയോഗിക്കുന്നതിന് അംഗീകാരമില്ല.
ക്രിപ്റ്റോ കറൻസി
ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ക്രിപ്റ്റോ കറൻസി. ഇത് ലോഹ നിർമിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയാറാക്കിയിരിക്കുന്ന എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫ്റ്റ്വെയർ കോഡാണിത്. ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാറുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയത്തിലാണ് ക്രിപ്റ്റോ രൂപം കൊള്ളുന്നത്. ആളുകൾക്ക് പണം നൽകി ഓൺലൈനായി വാങ്ങാവുന്നതും അപ്പോഴത്തെ മൂല്യത്തിന് വിൽക്കാവുന്നതുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.