ഖുറൈൻ സാംസ്കാരികോത്സവം ഫെബ്രുവരി മൂന്നുമുതൽ 12 വരെ
text_fieldsകുവൈത്ത് സിറ്റി: നാഷനൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സ് ആഭിമുഖ്യത്തിൽ 30ാമത് സാംസ്കാരികോത്സവം ഫെബ്രുവരി മൂന്നുമുതൽ 12 വരെ നടക്കും.
കല, സംഗീതം, സാഹിത്യം, വൈജ്ഞാനികം തുടങ്ങിയ മേഖലകളിൽ വൈവിധ്യമാർന്ന പരിപാടികൾ മേളയുടെ ഭാഗമായി നടക്കും. ‘നേതൃത്വത്തിന്റെയും നൽകലിന്റെയും 30 വർഷം’ പ്രമേയത്തിലാണ് ഇത്തവണത്തെ മേള. സിമ്പോസിയം, സെമിനാറുകൾ, പ്രഭാഷണങ്ങൾ, കച്ചേരികൾ, ആർട്ട് എക്സിബിഷനുകൾ, സംവേദനാത്മക ഷോകൾ, സിനിമ, പൈതൃക മേള, പുസ്തക മേളകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള സംസ്കാരങ്ങളും കലകളും ഉൾക്കൊള്ളുന്ന 30 ഓളം പ്രവർത്തനങ്ങൾ ഈ വർഷത്തെ മേളയുടെ അജണ്ടയിൽ ഉൾപ്പെടുന്നു.
കുവൈത്തിന്റെയും അറബ് മേഖലയുടെയും സാംസ്കാരിക മുന്നേറ്റം അടയാളപ്പെടുത്തുകയാണ് ഖുറൈൻ സാംസ്കാരികോത്സവത്തിന്റെ ലക്ഷ്യമെന്ന് നാഷനൽ കൗൺസിൽ ഫോർ കൾച്ചർ അസിസ്റ്റന്റ് സെക്രട്ടറിയും ഫെസ്റ്റിവൽ വൈസ് പ്രസിഡന്റുമായ ആഇശ അൽ മഹ്മൂദ് പറഞ്ഞു. ഡോ. അബ്ദുല്ല അൽ ഗദമിയെയാണ് മേളയുടെ ഭാഗമായി ഇത്തവണ ആദരിക്കുന്നത്.
മിശ്രിഫിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ട്, യർമൂക് കർച്ചറൽ സെന്റർ, ശൈഖ് ജാബിർ കൾച്ചറൽ സെന്റർ, കുവൈത്ത് നാഷനൽ മ്യൂസിയം, ബാബ്തൈൻ സെൻട്രൽ ലൈബ്രറി, കുവൈത്ത് നാഷനൽ ലൈബ്രറി തുടങ്ങിയ വിവിധ വേദികളിൽ ഖുറൈൻ സാംസ്കാരികോത്സവ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ നടക്കും.
ശൈഖ് ജാബിർ അൽ അഹമ്മദ് കൾച്ചറൽ സെന്ററിലെ ജാബിർ അൽ-അലി തിയറ്ററിലാണ് ഉദ്ഘാടന പരിപാടി. കുവൈത്തിന്റെ ഭൂതകാലവും പൈതൃകവുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദർശനം ഇതോടനുബന്ധിച്ച് നടക്കും.
നാഷനൽ കൗൺസിൽ ഫോർ കൾച്ചർ ആർട്സ് ആൻഡ് ലെറ്റേഴ്സിന്റെ പ്രസിദ്ധീകരണങ്ങളുടെ പ്രദർശനം, സാംസ്കാരിക രംഗത്തെ ഭാവി വെല്ലുകളികൾ പ്രമേയത്തിൽ സിമ്പോസിയം തുടങ്ങിയവയുണ്ടാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.