കർഫ്യൂ: നിർണായക തീരുമാനം തിങ്കളാഴ്ചത്തെ മന്ത്രിസഭയിൽ
text_fieldsകർഫ്യൂ സമയം കുറക്കുമെന്നും വ്യാപാര നിയന്ത്രണം ലഘൂകരിക്കുമെന്നും സൂചന
കുവൈത്ത് സിറ്റി: രാജ്യത്ത് നിലനിൽക്കുന്ന ഭാഗിക കർഫ്യൂ സംബന്ധിച്ച് നിർണായക തീരുമാനം തിങ്കളാഴ്ചത്തെ മന്ത്രിസഭയിൽ ഉണ്ടായേക്കും. ഹെൽത്ത് അതോറിറ്റി ഇതുസംബന്ധിച്ച റിപ്പോർട്ട് ഞായറാഴ്ച സമർപ്പിക്കും.
രാജ്യത്തെ കോവിഡ് വ്യാപന തോത് സംബന്ധിച്ച റിപ്പോർട്ട് അവലോകനം നടത്തി മന്ത്രിസഭ തീരുമാനമെടുക്കും. റസ്റ്റാറൻറ്, കമേഴ്സ്യൽ കോംപ്ലക്സ് എന്നിവക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി നൽകുമെന്നാണ് സൂചനകൾ. പെരുന്നാൾ നമസ്കാരവും ഇൗദ്ഗാഹുമായും ബന്ധപ്പെട്ട് മന്ത്രിസഭ തീരുമാനമെടുക്കും.അറവുകേന്ദ്രങ്ങളിൽ ആളുകൂടുന്നത് തടയാനും ചില നിയന്ത്രണങ്ങൾ ഉണ്ടാകും.
തീരുമാനങ്ങൾ പൂർണമായും മന്ത്രിസഭയുടെ തീരുമാനത്തിന് വിധേയമാണ് എങ്കിലും നിലവിലെ കർഫ്യൂ ഇതുപോലെ തുടരില്ലെന്നും നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്നുമാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന. കർഫ്യൂ സമയം കുറക്കുകയും മറ്റു നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്ന ഫോർമുലയാണ് അംഗീകരിക്കാൻ സാധ്യത.
രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെയാണ് നിലവിൽ കർഫ്യൂ.രാത്രി പത്തുവരെ റെസിഡൻഷ്യൽ ഏരിയയിൽ നടക്കാൻ പ്രത്യേക അനുമതിയുണ്ട്. കോവിഡ് വ്യാപനം തടയാൻ ഭാഗിക കർഫ്യൂകൊണ്ട് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 1500ന് മുകളിൽ പോയിരുന്ന കേസുകൾ പിന്നീട് കുറയുകയാണുണ്ടായത്. വെള്ളിയാഴ്ച 1209 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 1387 പേർ രോഗമുക്തരാകുകയും ചെയ്തു.
ഏഴ് മരണം റിപ്പോർട്ട് ചെയ്തു. ആകെ 1628 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 14,436 പേർ ചികിത്സയിൽ കഴിയുന്നു.ഇതിൽ 206 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. തീവ്രപരിചരണ വിഭാഗത്തിൽ 250ന് മുകളിൽ എത്തിയതിന് ശേഷമാണ് കുറഞ്ഞുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.