കുവൈത്തിൽ തൽക്കാലം കർഫ്യൂവും ലോക്ഡൗണും നടപ്പാക്കില്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുവരുന്ന സാഹചര്യത്തിലും തൽക്കാലം ലോക്ഡൗണും കർഫ്യൂവും നടപ്പാക്കേണ്ടെന്ന ധാരണയിലാണ് അധികൃതർ. അതേസമയം, സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയും അനിവാര്യമായ ഘട്ടത്തിൽ കർശന നടപടികളിലേക്ക് പോകുകയും ചെയ്യും. മറ്റു നടപടികളിലൂടെ സ്ഥിതി നിയന്ത്രണ വിധേയമാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കർശന നടപടികൾ കൈക്കൊള്ളും. നേരത്തെ കർഫ്യൂവും ലോക് ഡൗണും പ്രഖ്യാപിച്ചിരുന്ന സമയത്തേക്കാൾ കൂടിയ നിലയിലാണ് ചികിത്സയിലുള്ളവരുടെ എണ്ണവും പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും മരണവും. വിപണിക്കും തൊഴിലിനും ഏൽക്കുന്ന ആഘാതം കണക്കിലെടുത്താണ് ലോക് ഡൗൺ പ്രഖ്യാപിക്കാത്തത്. ജനങ്ങൾ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ട്. വാക്സിനേഷൻ സുഗമമായി പുരോഗമിക്കുന്നതിനാൽ അടുത്ത മാസങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുളത്.
ആഗോള തലത്തിൽ തന്നെ അനുഭവപ്പെടുന്ന വാക്സിൻ ക്ഷാമം കുവൈത്തിലും പ്രതിഫലിക്കുന്നു. പരമാവധി വാക്സിൻ ലഭ്യമാക്കാനുള്ള ഇടപെടൽ ആരോഗ്യ മന്ത്രാലയം നടത്തുന്നുണ്ട്. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കൂടുതൽ ഡോസ് വാക്സിൻ എത്തുമെന്നാണ് പ്രതീക്ഷ. സമീപ ആഴ്ചകളിൽ പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുവരികയാണ്. അടുത്ത ആഴ്ചകളിലും പുതിയ കേസുകളും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വർധിച്ചുവരികയാണെങ്കിൽ ആരോഗ്യ മന്ത്രാലയം സമ്മർദ്ദത്തിലാകും.
ഇത് മുൻകൂട്ടിക്കണ്ടാണ് സ്വകാര്യ ആശുപത്രികളുടെ സഹായം അഭ്യർഥിച്ചത്. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾക്ക് മന്ത്രാലയം താൽക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഹവല്ലി, അഹ്മദി ഗവർണറേറ്റുകളിലാണ് കോവിഡ് കേസുകൾ കൂടുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.