സൈബർ കുറ്റകൃത്യങ്ങൾ; ഈ വർഷം കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചത് 4,000ത്തോളം പരാതികൾ
text_fieldsകുവൈത്ത് സിറ്റി: സാങ്കേതിക മുന്നേറ്റങ്ങൾക്കിടയിലും കുവൈത്തിൽ സൈബർ അപകടങ്ങളും വെല്ലുവിളികളും അഭിമുഖീകരിക്കുന്നത് തുടരുന്നു. സൈബർ ക്രൈം സംബന്ധിച്ച് ഈ വർഷം ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചത് 4,000ത്തോളം പരാതികൾ.
സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള നാലാമത് കുവൈത്ത് സമ്മേളനത്തിൽ സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്‌നോളജി ഡയറക്ടർ ജനറൽ ഡോ. അമ്മാർ അൽ ഹുസൈനി ഇതുസംബന്ധിച്ച് സംസാരിച്ചു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് സംഘടിപ്പിച്ച സമ്മേളനത്തിൽ സൈബർ ക്രൈം കുറച്ചുകൊണ്ടുവരുന്നതിനെ കുറിച്ച മാർഗങ്ങളും ചർച്ചയായി.
നാഷനൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി സ്ഥാപിതമായശേഷം സൈബർ ഭീഷണികളെ ചെറുക്കുന്നതിൽ വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള സഹകരണം കൂടുതൽ വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അൽ ഹുസൈനി പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളെ തടസ്സപ്പെടുത്തിയും പൊതു-സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ഡേറ്റ മോഷ്ടിച്ചും പല രാജ്യങ്ങളുടെയും ഇലക്ട്രോണിക് ഇൻഫ്രാസ്ട്രക്ചർ ലക്ഷ്യമിടുന്നു.
ലോകമെമ്പാടും പ്രധാന വെല്ലുവിളികളിലൊന്നാണ് സൈബർ കുറ്റകൃത്യങ്ങൾ. സ്ഥാപനങ്ങൾ ഇത്തരം കുറ്റകൃത്യങ്ങൾക്കും ആക്രമണങ്ങൾക്കും ഇരകളാക്കപ്പെടുന്നത് വലിയ നഷ്ടത്തിനു കാരണമാകുന്നു. ഡേറ്റകളുടെ നശീകരണം, ബൗദ്ധിക സ്വത്തുക്കളുടെയും വ്യക്തിഗത ഡേറ്റയുടെയും മോഷണം, സാമ്പത്തിക തട്ടിപ്പ് എന്നിവയും ഇതുവഴി കൂടുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹ മാധ്യമങ്ങൾ വഴിയുള്ള കുറ്റകൃത്യങ്ങളും ശ്രദ്ധിക്കണം. നിരവധി ആളുകളാണ് ഇതിലൂടെ വഞ്ചിക്കപ്പെടുന്നത്. സൈബർ കുറ്റകൃത്യത്തിന്റെ അപകടങ്ങളെയും അളവുകളെയും കുറിച്ചുള്ള അറിവില്ലായ്മയും അവബോധമില്ലായ്മയും വലിയ നഷ്ടങ്ങളിലേക്ക് ചിലരെ എത്തിക്കുന്നു. സൈബർ കുറ്റകൃത്യത്തിന് ഇരയായവരിൽ 10 ശതമാനം മാത്രമേ പരാതി നൽകുന്നുള്ളൂവെന്ന് സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നതായും ഡോ. അമ്മാർ അൽ ഹുസൈനി വ്യക്തമാക്കി.
സൈബർ കുറ്റകൃത്യങ്ങൾ ഈ വർഷം ഗണ്യമായി വർധിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ലെഫ്റ്റനന്റ് കേണൽ അമ്മാർ അൽ സറാഫും പറഞ്ഞു. മൊത്തം പരാതികളുടെ എണ്ണം 4,000 എത്തിയിട്ടുണ്ട്. കവർച്ച, വഞ്ചന, അപകീർത്തിപ്പെടുത്തൽ എന്നിങ്ങനെ പരാതികൾ വരുന്നു.
എല്ലാ കേസുകളിലും ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം പ്രധാനമാണ്. സൈബർ ആക്രമണങ്ങൾ, വഞ്ചന, കൊള്ളയടിക്കൽ, ഡേറ്റ മോഷണം എന്നിവക്കെതിരെ ജാഗ്രത പാലിക്കണമെന്നും അമ്മാർ അൽ സറാഫ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.