സൈബർ തട്ടിപ്പിനെതിരെ എൻ.ബി.കെ; ശക്തമായ പാസ്വേഡ് ഉപയോഗിക്കുക, ആരുമായും പങ്കിടരുത്
text_fieldsകുവൈത്ത് സിറ്റി: സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി നാഷനൽ ബാങ്ക് ഓഫ് കുവൈത്ത് (എൻ.ബി.കെ). കുവൈത്ത് ബാങ്കിങ് അസോസിയേഷനുമായി (കെ.ബി.എ) സഹകരിച്ച് എൻ.ബി.കെ ‘ലെറ്റ്സ് ബി അവയർ’ കാമ്പയിൻ തുടരുന്നു. ഉപഭോക്താക്കളുടെ അവകാശങ്ങളും സമ്പത്തും സംരക്ഷിക്കൽ ലക്ഷ്യമിട്ടാണ് കാമ്പയിൻ.
ഉപഭോക്താക്കൾ തട്ടിപ്പിനും വഞ്ചന ശ്രമങ്ങൾക്കും ഇരയാകാതിരിക്കാനുള്ള ബോധവത്കരണം, മുൻകരുതൽ മാർഗങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ലഘുലേഖകൾ എൻ.ബി.കെ പുറത്തിറക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങൾ, പരാതികൾ നൽകുന്നതിനുള്ള സംവിധാനം എന്നിവയും വ്യക്തമാക്കിയിട്ടുണ്ട്.
ഉപഭോക്തൃ വിവരങ്ങൾ മോഷ്ടിക്കാൻ തട്ടിപ്പുകാർ പല രൂപത്തിലുള്ള മാർഗങ്ങൾ ഉപയോഗിക്കും. ഇതിനാൽ ബാങ്കിന്റെ സന്ദേശങ്ങൾ ശ്രദ്ധിക്കാനും തട്ടിപ്പുകളെക്കുറിച്ചും അവ എങ്ങനെ ഒഴിവാക്കാമെന്നും മനസ്സിലാക്കാൻ എൻ.ബി.കെ ഉണർത്തി. അക്കൗണ്ടുകൾക്ക് ശക്തമായ പാസ്വേഡുകൾ ഉപയോഗിക്കാനും എല്ലാ അക്കൗണ്ടുകൾക്കും ഒരേ പാസ്വേഡ് ഉപയോഗിക്കരുതെന്നും ബാങ്ക് ഉപഭോക്താക്കളെ ഉപദേശിച്ചു. ഒരേ പാസ്വേഡ് ഉപയോഗിക്കുന്നതിലൂടെ എല്ലാ ഓൺലൈൻ അക്കൗണ്ടുകളും ഹാക്കിങ്ങിന് വിധേയമാക്കാൻ എളുപ്പമാകും.അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഇടകലർത്തി ഉപയോഗിച്ച് കുറഞ്ഞത് എട്ട് ഡിജിറ്റ് ഉള്ള പാസ്വേഡുകൾ ഉപയോഗിക്കാം.
പാസ്വേഡ് ദൈർഘ്യമേറിയാൽ ഹാക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കും. ജനനത്തീയതി, കുടുംബപേര്, ലളിതമായ സംഖ്യ ക്രമങ്ങൾ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ പാസ്വേഡുകളിൽ ഉപയോഗിക്കുന്നതും നല്ലതല്ല. അക്കൗണ്ട് വിവരങ്ങൾ, പാസ്വേഡുകൾ/പിന്നുകൾ, ഒ.ടി.പി എന്നിവ രഹസ്യമായി സൂക്ഷിക്കണം. ഇവ ആരുമായും പങ്കുവെക്കരുതെന്നും ഓർമിപ്പിച്ചു. രാജ്യത്ത് അടുത്തിടെയായി സൈബർ തട്ടിപ്പുകൾ വർധിച്ച സാഹചര്യത്തിലാണ് എൻ.ബി.കെയുടെ മുന്നറിയിപ്പ്. ബാങ്ക് ജീവനക്കാരായും പൊലീസ് വേഷത്തിലും വരെ ഫോൺവിളിച്ച് ആളുകളെ വഞ്ചിച്ച് പണം തട്ടുന്നവരും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.