സൈബർ തട്ടിപ്പുകള്‍ പെരുകുന്നു; ജാഗ്രത പാലിക്കണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സൈബർ തട്ടിപ്പുകള്‍ പെരുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി. സാമ്പത്തിക ഇടപാടുകളിലും ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിലും കൂടുതൽ ശ്രദ്ധ വേണം.
രാജ്യത്ത് പ്രതിദിനം പത്തിലേറെ തട്ടിപ്പ് പരാതികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെ നേതൃത്വത്തില്‍ പൗരന്മാര്ക്കിടയിലും താമസക്കാര്‍ക്കിടയിലും ബോധവത്കരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ദിനവും പുതുരീതിയിലുള്ള തട്ടിപ്പുമായി വലിയ സംഘം സജീവമാണ്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ഇലക്ട്രോണിക് തട്ടിപ്പുകൾ മിക്കതും നടക്കുന്നത്. ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പേർക്കാണ് പണം നഷ്ടമാകുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരില്‍ പലരും പരാതിയുമായി അധികൃതരെ സമീപിക്കാത്തത് അന്വേഷണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, കാർഡ് ഹാജരാക്കാതെ ഫോണിലൂടെ നടത്തുന്ന ഇടപാടുകൾ, ഓൺലൈൻ ഇടപാടുകൾ എന്നിവ വഴിയാണ് രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്നത്. അക്കൗണ്ടിലെ ഇടപാടുകൾ നടക്കുമ്പോള്‍ അവയുടെ വിവരങ്ങൾ അപ്പോൾ തന്നെ സന്ദേശങ്ങളായി മൊബൈലുകളിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ബാങ്കുകൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇടപാടുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പിക്കുകയും വേണമെന്ന് സൈബര്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
വ്യാജ അക്കൗണ്ടുകളുമായി സംവദിക്കരുത്. വൺടൈം പാസ്വേഡ് (ഒ.ടി.പി), ബാങ്ക് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവെക്കരുത്. വ്യാജ ലിങ്കുകൾ വെച്ച് സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമായതിനെ തുടർന്ന് പേമെന്റ് ലിങ്കുകള്‍ ബാങ്കുകൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
പണം നഷ്ടപ്പെട്ടാൽ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് പ്രതിരോധ നടപടികൾ സ്വീകരിക്കണം. ഈ വര്‍ഷത്തെ സൈബര്‍ റിപ്പോര്‍ട്ട് പ്രകാരം ആഗോളതലത്തിൽ ഹാക്കിങ് ശ്രമങ്ങളും സൈബർ ആക്രമണങ്ങളും നേരിടുന്ന കാര്യത്തിൽ കുവൈത്ത് മൂന്നാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.