ജാബിർ പാലത്തിലെ സൈക്കിൾ സവാരി: നിരവധി പേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: ശൈഖ് ജാബിർ പാലത്തിൽ നിരോധനം ലംഘിച്ച് സൈക്കിൾ സവാരി നടത്തിയ നിരവധി പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ശൈഖ് ജാബിർ പാലത്തിലും ദോഹ ലിങ്ക് റോഡിലും സൈക്കിൾ സവാരി വിലക്കിയതെന്നും ഇത് എല്ലാവരും അനുസരിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ റിലേഷൻ ആൻഡ് സെക്യൂരിറ്റി മീഡിയ അഭ്യർഥിച്ചു. അടുത്തിടെ ഉണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തിയാണ് കുവൈത്തിലെ ശൈഖ് ജാബിർ കടൽ പാലത്തിൽ സൈക്കിൾ സവാരിയും നടത്തവും നിരോധിച്ചത്. ലോകത്തിലെ നാലാമത്തെ വലിയ കടൽപാലമായ ശൈഖ് ജാബിർ പാലത്തിൽ ഇപ്പോൾ ഗതാഗതത്തിരക്ക് ഇല്ല. ഇതുകൊണ്ടുതന്നെ അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ അപ്രതീക്ഷിതമായി സൈക്കിൾ യാത്രക്കാരെ ഇടിക്കാൻ സാധ്യത കൂടുതലാണ്. അതേസമയം, സൈക്കിൾ യാത്രികർക്ക് പ്രത്യേക ട്രാക്ക് നിർമിക്കുന്നത് പരിഗണനയിലുണ്ട്. എന്നാൽ, ഇത് ആലോചനാഘട്ടത്തിലാണ്. ഗസാലി അതിവേഗ പാതയിലെ സിഗ്നൽ പോയൻറിൽനിന്ന് ആരംഭിച്ച് ജമാൽ അബ്ദുന്നാസർ റോഡിന് അനുബന്ധമായി സുബിയ്യ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്റർ ആണ് നീളം. ദോഹ തുറമുഖ ദിശയിലേക്ക് പോകുന്ന കൈവഴിക്ക് 12.4 കിലോമീറ്റർ നീളമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.