സൈക്കിൾ സവാരിക്കാർക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്
text_fieldsകുവൈത്ത് സിറ്റി: സൈക്കിൾ സവാരിക്കാർക്കിടയിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറി നിരവധി പേർക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ച അറേബ്യൻ ഗൾഫ്റോഡിലാണ് അപകടം.
അപകടത്തിൽ 15ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ വാരിയെല്ലും ശ്വാസകോശവും തകർന്നതിനെ തുടർന്ന് ഇവരിൽ ഒരാൾ അടിയന്തര ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചുവരുകയാണ്. അപകടത്തിന് കാരണമായ വാഹനം കടന്നുകളഞ്ഞതായി ദൃക്സാക്ഷികൾ അറിയിച്ചു.
ഗൾഫ് റോഡിൽ വെള്ളിയാഴ്ചകളിൽ സവാരിക്കിറങ്ങുന്ന 60 ഓളം സൈക്ലിസ്റ്റുകൾ ഉൾപ്പെടുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. പുലർച്ച അഞ്ചോടെയാണ് സംഭവം. അവധി ദിവസങ്ങളിൽ മലയാളികൾ അടക്കമുള്ള സംഘങ്ങൾ ഇവിടെ സൈക്കിൾ സവാരിക്കിറങ്ങാറുണ്ട്. അപകടത്തിൽപ്പെട്ടവർ ഫിലിപ്പീൻസുകാരാണ്. അപകടത്തിൽപ്പെട്ട ഭൂരിപക്ഷം സൈക്കിളുകളും തകർന്നു. സംഭവം നടന്നതിന് പിറകെ സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.
അതേസമയം, പ്രധാന റോഡുകളിലും പൊതുനിരത്തുകളിലും ഇറങ്ങുന്ന എല്ലാവരോടും നിയന്ത്രണങ്ങളും നിയമങ്ങൾ പാലിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. സമാനമായ സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഉണർത്തി. പെർമിറ്റും അധികാരികളുടെ അനുമതിയും കൂടാതെയാണ് സൈക്ലിങ് പരിശീലനം നടക്കുന്നതെന്നും സൂചിപ്പിച്ചു. പരിശീലനത്തിനും മറ്റും റോഡ് ഉപയോഗിക്കുമ്പോൾ പെർമിറ്റ് നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം ഘട്ടങ്ങളിൽ സുരക്ഷാ പട്രോളിങ് നൽകുന്നതും റോഡുകളിൽ സുരക്ഷിതമായ പാതകൾ അനുവദിക്കുന്നതും മന്ത്രാലയം ചൂണ്ടിക്കാട്ടി.
സൈക്ലിങ്ങിന് പ്രത്യേക പാതകൾ ഇല്ലാത്തതിനാൽ കുവൈത്തിൽ സൈക്കിൾ അപകടങ്ങൾ സാധാരണമാണ്. ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് 2021 മുതൽ ജാബിർ കോസ്വേയിൽ സൈക്ലിങ് നിരോധിച്ചിട്ടുണ്ട്.
വാഹന ഉടമ കീഴടങ്ങി
കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ സൈക്കിൾ സവാരിക്കാർക്കിടയിൽ അപകടത്തിന് കാരണക്കാരനായ വാഹന ഡ്രൈവർ അധികാരികൾക്ക് കീഴടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാൾക്കെതിരെ ആവശ്യമായ നിയമ നടപടികളും സ്വീകരിച്ചുവരികയാണെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി.
അപകട കാരണം കണ്ടെത്തുന്നതിനും പ്രതിയെ പിടികൂടുന്നതിനുമായി ആഭ്യന്തരമന്ത്രാലയം നിരീക്ഷണ ക്യാമറകൾ പരിശോധിച്ചിരുന്നു. ഇതിൽനിന്ന് അപകട കാരണത്തെ കുറിച്ചും വാഹനത്തെകുറിച്ചും സൂചന ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതിനിടെയാണ് വെള്ളിയാഴ്ച വൈകീട്ടോടെ പ്രതി സുരക്ഷാ അധികാരികൾക്ക് മുന്നിൽ സ്വയം കീഴടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.