ലിബിയയിലെ ചുഴലിക്കാറ്റ്; ദുരിതാശ്വാസ സാമഗ്രികളുമായി മൂന്നാമത്തെ വിമാനം അയച്ചു
text_fieldsകുവൈത്ത് സിറ്റി: ലിബിയയിൽ ‘ഡാനിയേൽ’ ചുഴലിക്കാറ്റിൽപ്പെട്ടവർക്ക് ദുരിതാശ്വാസ സാമഗ്രികളുമായി കുവൈത്തിൽനിന്ന് മൂന്നാമത്തെ വിമാനം പുറപ്പെട്ടു. കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് നൽകിയ പത്ത് ടൺ വിവിധ ഭക്ഷ്യ സാമഗ്രികളും മെഡിക്കൽ അനുബന്ധ ഉപകരണങ്ങളുമാണ് വിമാനത്തിൽ കയറ്റിയയച്ചത്. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ മേൽനോട്ടത്തിലാണ് ദുരിതാശ്വാസ സഹായം അയക്കുന്നത്. ലിബിയയിലെ ഡെർണയിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർത്ത ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കുവൈത്ത് സർക്കാറിന്റെ വിവിധ വകുപ്പുകളും നിരവധി അസോസിയേഷനുകളും സംഘങ്ങളും പങ്കുചേർന്നിട്ടുണ്ട്.
ലിബിയയിൽ പ്രവർത്തിക്കുന്ന യു.എൻ ടീമിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് ദുരന്തങ്ങൾ വിലയിരുത്തുന്നതിനുള്ള യു.എൻ സംഘത്തിലെ അംഗം കേണൽ ഡോ. മെഷാരി അൽ-ഫാർസ് പറഞ്ഞു. പരിക്കേറ്റവരെ ചികിത്സിക്കുന്നതിന് ആവശ്യമായ സാമഗ്രികളാണ് കൂടുതൽ കയറ്റിയയച്ചതെന്ന് കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് പ്രതിനിധി യൂസഫ് അൽ സിദ്ദിഖി പറഞ്ഞു. ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ വിമാനം സെപ്റ്റംബർ 13നും രണ്ടാമത്തേത് രണ്ടുദിവസം മുമ്പും അയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.