ദമാൻ ആരോഗ്യ ഇൻഷുറൻസ്: പ്രവാസി ചികിത്സക്ക് ജഹ്റയിൽ ആശുപത്രി തുറന്നു
text_fieldsകുവൈത്ത് സിറ്റി: പ്രവാസി ചികിത്സ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് മാറ്റുന്നതിന്റെ ഭാഗമായി രൂപവത്കരിച്ച ദമാൻ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ ആദ്യ ആശുപത്രി ജഹ്റ ഗവർണറേറ്റിൽ തുറന്നു.
ഫാമിലി മെഡിസിൻ, ശിശുരോഗ വിഭാഗം, ദന്തരോഗ വിഭാഗം ഉൾപ്പെടെ പ്രതിവർഷം 2.43 ലക്ഷം രോഗികൾക്കായുള്ള പ്രവർത്തനശേഷിയിലാണ് ആശുപത്രി ക്രമീകരിച്ചതെന്ന് ദമാൻ കമ്പനി സി.ഇ.ഒ താമർ അറബ് പറഞ്ഞു. അഹമ്മദി, ഫർവാനിയ മേഖലയിലെ ആശുപത്രികളുടെ നിർമാണം അവസാനഘട്ടത്തിലാണ്.
സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളുടെ വാണിജ്യമാതൃകയെ അടിസ്ഥാനമാക്കിയാണ് ദമാൻ ഹെൽത്ത് നെറ്റ്വർക് പ്രവർത്തിക്കുന്നത്. വ്യത്യസ്ത വലുപ്പത്തിലുള്ള അഞ്ച് പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ജഹ്റയിലെ ഏറ്റവും ചെറിയ കേന്ദ്രത്തിലെ ക്ലിനിക്കുകളുടെ എണ്ണം 13 ആണ്. പ്രതിവർഷം 86.4 ലക്ഷം ആളുകളെ ഉൾക്കൊള്ളുന്നതും 47 വിഭാഗം ഉൾക്കൊള്ളുന്നതുമാകും ഫഹാഹീലിലെ ദമാൻ കേന്ദ്രം. ഈ വർഷം ബ്നീദ് അൽ ഗർ, സാൽമിയ, അൽ റാഖി, അഹമ്മദി എന്നിവിടങ്ങളിലായി നാലു പുതിയ ഹെൽത്ത് സെന്റർ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശികളുടെ ചികിത്സക്കായി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ ഇന്‍ഷുറന്‍സ് കമ്പനിയാണ് ദമാന്‍. ഇൻഷുറൻസ് കമ്പനിക്കു കീഴിൽ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യകേന്ദ്രങ്ങളും മൂന്നു വലിയ ആശുപത്രികളും പ്രവര്‍ത്തിക്കും.
അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളും ക്ലിനിക്കുകളുമാണ് തയാറാകുന്നത്. മുഴുവൻ പദ്ധതികളും പ്രാവർത്തികമാകുന്നതോടെ സ്വകാര്യമേഖലയിലെ 20 ലക്ഷത്തിലധികം വിദേശികൾക്കും കുടുംബത്തിനും പ്രയോജനം ലഭിക്കും. സർക്കാർ ആശുപത്രി സേവനം സ്വദേശികൾക്കു മാത്രമാകും.
ദമാൻ പൂർണതോതിൽ പ്രവർത്തനക്ഷമമാകുന്നതോടെ പ്രവാസികളുടെ ഇൻഷുറൻസ് തുക 50ൽനിന്ന് 130 ദീനാറായി ഉയരും. ക്ലിനിക്കുകളിലെയും ആശുപത്രിയിലെയും ഓരോ സന്ദർശനത്തിനും രണ്ടു ദീനാർ വീതം നൽകേണ്ടിവരും.
നേരത്തേ സൗജന്യമായിരുന്ന മരുന്നിന് ആരോഗ്യ മന്ത്രാലയം ഡിസംബറിൽ ഫീസ് ഏര്‍പ്പെടുത്തിയിരുന്നു. പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ അഞ്ചും ഒ.പി ക്ലിനിക്കുകളിൽ 10 ദീനാറുമാണ് നിരക്ക്. ആരോഗ്യ ഇൻഷുറൻസ് ഫീസ് കൂടി ഉയരുന്നതോടെ പ്രവാസികൾക്ക് തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.