ഇത് രുചിയേറും റുതബിെൻറ കാലം
text_fieldsകുവൈത്ത് സിറ്റി: ‘അൽ ബർഹി അൽ അസ്ഫർ’ എന്ന കുവൈത്തിെൻറ സ്വന്തം ഈന്തപ്പനകൾ മരുപ്രദേശത്തെ മഞ്ഞയണിയിച്ചിരിക്കുന്നു. ഈന്തപ്പന കുലകളിൽ റുതബ് പാകമായി കിടക്കുന്നത് കണ്ടാൽ വിദഗ്ധനായ ഒരു കലാകാരൻ ചായം പൂശിയ പോലെ മനോഹരമാണ്. മറ്റ് ഈത്തപ്പഴങ്ങളെ അപേക്ഷിച്ച് കടുത്ത മഞ്ഞ നിറമായിരിക്കും റുതബ് കാലത്ത് ഈ ഇൗത്തപ്പഴങ്ങൾക്ക് എന്നതുകൊണ്ടാണ് ഇതിന് മഞ്ഞനിറം എന്ന അർഥത്തിലുള്ള ‘അൽ ബർഹി അൽ അസ്ഫർ’ എന്ന പേരുലഭിച്ചത്.
മറ്റ് അറബ് രാജ്യങ്ങളിലേതുപോലെ വിവിധതരത്തിലുള്ള ഈന്തപ്പനകൾ കുവൈത്തിലുണ്ടെങ്കിലും അതിൽ ചിലതെല്ലാം പേരിന് മാത്രം കായ്ക്കുകയും വിളവെടുപ്പ് നടക്കുന്നവയുമാണ്.
എന്നാൽ, മഞ്ഞ ബർഹിയുടെ സ്ഥിതി വ്യത്യസ്തമാണ്. രാജ്യത്തിെൻറ ആവശ്യത്തിനനുസരിച്ചുള്ള വിളവ് ലഭിക്കുന്നതിൽ ബർഹി തോട്ടങ്ങൾ ഇതുവരെ ചതിച്ചിട്ടില്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിെൻറ കാർഷിക മേഖലയായി അറിയപ്പെടുന്ന വഫ്റയിലും അബ്ദലിയിലുമാണ് അൽ ബർഹി അൽ അസ്ഫർ കൂടുതൽ വിളയുന്നത്. അബ്ദലിയിലെയും വഫ്റയിലെയും കാർഷിക മേഖലകളിലൂടെ ഈ സീസണിൽ വാഹനമോടിക്കുകയോ നടന്നുപോവുകയോ ചെയ്യുകയാണെങ്കിൽ മഞ്ഞച്ചായം കോരിയൊഴിച്ചതുപോലെയുള്ള ഈന്തപ്പന മരങ്ങളായിരിക്കും കണ്ണിൽപ്പെടുക.
എല്ലാവർഷവും ആഗസ്റ്റ് തുടക്കത്തോടെയാണ് മഞ്ഞ ബർഹിയുടെ റുതബിെൻറ വിളവ് കാലം ആരംഭിക്കുന്നത്. കാഴ്ചഭംഗിയോടൊപ്പം രൂചിയിലും കേമനാണ് ബർഹി. പഞ്ചസാര കലക്കി ഒഴിച്ചതുപോലുള്ള മധുരവും പച്ച പപ്പായ തിന്നുമ്പോഴുള്ള കറുമുറു ശബ്ദവും ഈ ഇനത്തിെൻറ പ്രത്യേകതയാണ്.
കൂടുതൽ പഴുത്ത് ഈത്തപ്പഴമായി സൂക്ഷിച്ച് കഴിക്കുന്നതിനേക്കാൾ ഇതിെൻറ റുതബ് കഴിക്കാനാണ് സ്വദേശികളും വിദേശികളും ഏറെ ഇഷ്ടപ്പെടുന്നത്.
കുവൈത്തുൾപ്പെടെ അറബ് മേഖല ഈന്തപ്പനകളുടെ വൈവിധ്യം കൊണ്ട് പ്രശസ്തമാണെങ്കിലും രാജ്യത്തിെൻറ സ്വന്തം ഈന്തപ്പന എന്ന പേരിൽ പ്രസിദ്ധമായത് ‘അൽ ബർഹി അൽ അസ്ഫർ’ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.