മാതൃകാ സേവനത്തിന്റെ പത്താണ്ട്; പ്രവാസി വെൽഫെയർ കുവൈത്ത് സമ്മേളനം 25ന്
text_fieldsകുവൈത്ത് സിറ്റി: മാതൃകാ സേവനത്തിന്റെ മികവുമായി പ്രവാസി വെൽഫെയർ കുവൈത്ത് പത്താം വർഷത്തിലേക്ക്. 2013 നവംബർ 22 ന് രൂപീകരിച്ച സംഘടന ഇതിനകം ജനസേവന -ജീവകാരുണ്യ- സാംസ്കാരിക മേഖലകളിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചതായി പ്രസിഡന്റ് ലായിക് അഹമ്മദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് കാലത്ത് വ്യവസ്ഥാപിതമായ ദുരിതാശ്വാസ പദ്ധതി, നാട്ടിലേക്കും തിരിച്ചും സൗജന്യ ചാർട്ടർ വിമാനം എന്നിവ ഒരുക്കിയത് മികച്ച അടയാളപ്പെടുത്തലായി കണക്കാക്കുന്നു. മരുഭൂമിയിൽ കഴിയുന്ന ഇടയന്മാർക്ക് ആശ്വാസമേകി മൊബൈൽ മെഡിക്കൽ ക്യാമ്പ്, വിന്റർ കിറ്റ് വിതരണം എന്നിവയും നടത്തിവരുന്നു.
പ്രവാസികൾക്കായി കേരള സർക്കാർ നൽകുന്ന സേവനങ്ങളെകുറിച്ച ബോധവത്കരണത്തിനും പദ്ധതികളിൽ അംഗമാക്കുന്നതിനും നാലു മേഖലകളിലായി പ്രത്യേക ജനസേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച സംഘടനക്കുള്ള കുവൈത്ത് ബ്ലഡ് ബാങ്കിന്റെ പ്രത്യേക അവാർഡ് ,കോവിഡ് കാല സേവനങ്ങൾക്കുള്ള മീഡിയവൺ ചാനലിന്റെ ‘ബ്രേവ് ഹാർട്ട്’ അവാർഡ് എന്നിവ സംഘടനക്ക് ലഭിച്ചതായും ലായിക് അഹമ്മദ് പറഞ്ഞു. പത്താം വാർഷിക സമ്മേളന വിശദാംശങ്ങൾ ജനറൽ കൺവീനർ സഫ് വാൻ വിശദീകരിച്ചു. ഫെബ്രുവരി 25 അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് വാർഷിക സമ്മേളനം.
ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘മറിമായം’ കലാകാരൻമാരുടെ സ്റ്റേജ് ഷോ മുഖ്യാകർഷണമാണ്. വിവിധ കലാപരിപാടികളും അരങ്ങേറും. കുവൈത്തിലെ കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും. റസ്റ്റാറന്റ് കഫറ്റീരിയ മേഖലകളിൽ 35 വർഷം പൂർത്തിയാക്കിയ മലയാളി ജീവനക്കാരെ സമ്മേളനത്തിൽ ആദരിക്കും. വാർഷിക സമ്മേളനത്തിന്റെ മുഖ്യപ്രായോജകരായ മാംഗോ ഹൈപ്പർ മാനേജിങ് ഡയറക്ടർ റഫീഖ് അഹമ്മദും വാർത്ത സമ്മേളനത്തിൽ സംസാരിച്ചു. പ്രവാസി വെൽഫെയർ നേതാക്കളായ രാജേഷ് മാത്യു, റസീന മുഹ് യിദ്ദീൻ, റഫീഖ് ബാബു പൊൻമുണ്ടം, അനിയൻ കുഞ്ഞ് പാപ്പച്ചൻ, ഷൗക്കത്ത് വളാഞ്ചേരി, വിഷ്ണു നടേഷ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.