ജനാധിപത്യത്തിന് നിർണായകമായ തെരഞ്ഞെടുപ്പ്
text_fieldsബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യ ഭരണനിയന്ത്രണം കൈപ്പറ്റിയതിനു ശേഷം ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പിലാണ് നാം ഇത്തവണ പങ്കെടുക്കാൻ പോകുന്നത്. വിഭജന രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ബി.ജെ.പി, സംഘ്പരിവാർ കൂട്ടുകെട്ട് കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യൻ ജനാധിപത്യത്തെയും ഫെഡറൽ സംവിധാനങ്ങളെയും കശാപ്പുചെയ്തുകൊണ്ട് ഭരണം കയ്യാളുകയാണ്. പുരാതന ഇന്ത്യയേയും നെഹ്റു മുതലുള്ള പൂർവികരെയും കുറിച്ച് നുണകൾ പ്രചരിപ്പിച്ചും അധിക്ഷേപിച്ചും ഗാന്ധിജിയെ വധിച്ചവരെയും കൂട്ടുനിന്നവരെയും വെള്ളപൂശിയും ചരിത്രത്തെ വളച്ചൊടിച്ചുമാണ് നിലവിലെ ഭരണം മുന്നോട്ടുപോകുന്നത്. രണ്ടുതവണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭരണം പിടിച്ചെടുക്കാൻ ബി.ജെ.പിക്കായി. കോർപറേറ്റ് ചങ്ങാത്തം, വിഭജന രാഷ്ട്രീയം
നിരന്തരം വാഗ്ദാന ലംഘനങ്ങൾ നടത്തി, ജനദ്രോഹപരമായ പരിഷ്കാരങ്ങൾ കൊണ്ടുവന്നു, നികുതി വർധിപ്പിച്ചു, അവശ്യവസ്തുക്കൾക്ക് തീവിലയാക്കി ഇതിലൂടെ കോർപറേറ്റുകൾക്ക് സൗകര്യങ്ങൾ ഒരുക്കി അവരെ വളർത്തി. ഇതിനൊപ്പം ജനങ്ങളെ തളർത്തി ബി.ജെ.പി ഇന്ന് ‘ബോണ്ട് പാർട്ടി’യായി മാറിയിരിക്കുന്നു. ഇന്ത്യയിലെ രൂക്ഷമായ തൊഴിൽ നഷ്ടവും കാർഷികവ്യവസായ വളർച്ച നിരക്ക് കുറഞ്ഞതും സ്വന്തം അണികൾക്കിടയിൽ പോലും കേന്ദ്രസർക്കാറിനെതിരെ അസംതൃപ്തിയും നിരാശയും ഉണ്ടാക്കിയിട്ടുണ്ട്. 70 വർഷം കൊണ്ട് ഇന്ത്യ രൂപപ്പെടുത്തിയ ദേശീയ സമ്പത്ത്, റെയിൽവേ, തുറമുഖങ്ങൾ, എയർലൈൻസ്, ബാങ്കുകൾ, വ്യവസായശാലകൾ, ധാതു വിപണന മേഖലകൾ അടക്കം ഒന്നൊന്നായി വിറ്റ് തുടങ്ങിയപ്പോൾ തന്നെ പാർട്ടിയെ ന്യായീകരിക്കുന്നവർക്ക് ഉത്തരം മുട്ടിത്തുടങ്ങിയതാണ്. റിസർവ് ബാങ്കിലെ ദേശീയ സുരക്ഷ കരുതൽ ധനം പോലും ഉപയോഗിച്ച് ധൂർത്ത് തുടർന്നപ്പോൾ അകത്ത് നിന്നും ചോദ്യങ്ങൾ ഉയർന്നു തുടങ്ങിയതാണ്.
എങ്ങോട്ടാണ് ഈ പണം പോകുന്നത്? ആർക്കുവേണ്ടിയാണ് യഥാർഥത്തിൽ ഭരണം നടക്കുന്നത്? മണിപ്പൂർ കലാപം നിയന്ത്രിക്കാൻ പരാജയപ്പെട്ടത് എന്തുകൊണ്ട് ? നോട്ട് നിരോധനം കൊണ്ട് എന്ത് നേട്ടമുണ്ടായി? ബി.ജെ.പി ഭരണം കൊണ്ട് ജനങ്ങൾക്ക് എന്ത് നേട്ടമുണ്ടായി? വ്യവസായികൾക്ക് വേണ്ടി വാദിക്കുന്ന അതേ നിലയിൽ സാധാരണക്കാർക്കായി നിലനിൽക്കാൻ പാർട്ടിക്ക് സാധിക്കുന്നില്ല എന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അതേസമയം, മറുഭാഗത്ത് ഡീസൽ, പെട്രോൾ വിലയും ഗാർഹിക ഇന്ധനവിലയും രാജ്യത്തെ എല്ലാ പൗരന്മാരെയും പൊള്ളിക്കുകയാണ്. ‘നാം ഇന്ത്യക്കാർ’ എന്ന് പറഞ്ഞ് ഒരുമിച്ച് കഴിഞ്ഞിരുന്ന ജനങ്ങൾ പരസ്പരം മതം കൊണ്ടും വർഗം കൊണ്ടും വേർതിരിക്കപ്പെട്ടു എന്നത് ബി.ജെ.പി ഭരണത്തിന്റെ ദുരന്ത മുഖമായി വർത്തമാന ഇന്ത്യയെ തുറിച്ചു നോക്കുന്നു. പ്രതീക്ഷകൾ ബാക്കിയുണ്ട്
വർഗീയതയും ഹിന്ദുത്വ ആശയവും കൊണ്ട് ഇന്ത്യൻ ജനതയെ ഭിന്നിപ്പിച്ച് ഭരിക്കാം എന്ന വിരലിലെണ്ണാവുന്ന സുഖലോലുപരായ സവർണാധിപത്യ വാദികളുടെ സ്വപ്നം പതുക്കെ തളരുകയാണ്. ‘ഇൻഡ്യ’ മുന്നണിയുടെ ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള പരിശ്രമങ്ങൾ വിജയം കാണുന്നതായി നിലവിലെ സാഹചര്യം തെളിയിക്കുന്നു. ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ ആം ആദ്മി പാർട്ടിയും തമിഴ്നാട്ടിൽ ഡി.എം.കെയും കേരളത്തിൽ ഇടതുപക്ഷവും കർണാടകയിൽ കോൺഗ്രസും വെസ്റ്റ് ബംഗാളിൽ തൃണമൂൽ കോൺഗ്രസും ഉയർത്തുന്ന എതിർ ശബ്ദങ്ങളും ഇവർ ഇൻഡ്യ മുന്നണിയുടെ ഭാഗമാണ് എന്നതും പ്രതീക്ഷ നൽകുന്നു. ഭരണം നിലനിർത്താനായി അരവിന്ദ് കെജ്രിവാളടക്കം പ്രതിപക്ഷ നേതാക്കളെ കള്ളക്കേസുകളിൽ കുടുക്കി അറസ്റ്റ് ചെയ്യുന്ന അവസ്ഥയിലേക്ക് ബി.ജെ.പി തകർന്നിരിക്കുന്നു എന്ന് പറയാം. ഇന്ത്യയെന്ന രാജ്യം അതിന്റെ പൂർണ സൗന്ദര്യത്തിൽ നിലനിൽക്കാൻ വിഭജനവും വർഗീയതയുമല്ല അനിവാര്യം; ജനകീയ ഐക്യവും സഹവർത്തിത്തവും സഹിഷ്ണുതയുമാണ്. ഈ തെരഞ്ഞെടുപ്പോടെ മാറ്റം വരുമെന്നും ജനങ്ങളുടെ ഹിതം അറിയുന്ന സർക്കാർ രൂപപ്പെടുമെന്നും പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.