ബിരുദം നിർബന്ധമല്ല; 60 വയസ്സിനു മുകളിലുള്ള സർക്കാർ ജീവനക്കാർക്ക് സ്വകാര്യ മേഖലയിലേക്ക് മാറാം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള സർക്കാർ ജീവനക്കാർക്ക് ബിരുദ യോഗ്യത ഇല്ലെങ്കിലും ഇനി സ്വകാര്യ മേഖലയിലേക്ക് മാറാം. ഇതു സംബന്ധിച്ച മുൻ തീരുമാനത്തിൽ മാറ്റം വരുത്തിയാണ് പുതിയ തീരുമാനമെന്ന് ‘അറബ് ടൈംസ്’ റിപ്പോർട്ടു ചെയ്തു.
ഇതോടെ തൊഴിലാളികളെ തൊഴിലുടമകൾക്കിടയിൽ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട 2023ലെ തീരുമാനം റദ്ദായി. നേരത്തേ സർക്കാർ മേഖലയിൽ നിന്ന് സ്വകാര്യ മേഖലയിലേക്ക് തൊഴിലാളികളെ മാറ്റുന്നത് പരിമിതപ്പെടുത്തിയിരുന്നു. ഇത്തരക്കാർക്ക് ബിരുദ യോഗ്യതയും നിർബന്ധമാക്കിയിരുന്നു.
സാങ്കേതികമടക്കം എല്ലാ മേഖലകളിലെയും തൊഴിലാളികളുടെ കഴിവുകളും അനുഭവ പരിചയവും പ്രയോജനപ്പെടുത്തുക, ഇതുവഴി തൊഴിൽ വിപണിയുടെ വികസനത്തിന് സംഭാവന നൽകുക എന്നതാണ് പുതിയ തീരുമാനം വഴി ലക്ഷ്യം വെക്കുന്നത്. രാജ്യത്തിനകത്ത് നിലവിലുള്ള തൊഴിലാളികളെ മികച്ച രീതിയിൽ വിനിയോഗിക്കാനും ഇതുവഴി കഴിയും.
60 വയസ്സിന് മുകളിലുള്ള സർക്കാർ മേഖലയിലെ ജീവനക്കാർക്കും പുതിയ തീരുമാനം പ്രയോജനകരമാകും. അടുത്തിടെ പ്രവാസികൾക്ക് ഫാമിലി വിസക്ക് അപേക്ഷിക്കാനുള്ള യൂനിവേഴ്സിറ്റി ബിരുദ വ്യവസ്ഥയും ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ഇതോടെ പ്രവാസികൾക്ക് അവരുടെ കുടുംബാംഗങ്ങളെ യൂനിവേഴ്സിറ്റി ബിരുദം എന്ന വ്യവസ്ഥയില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയും. എന്നാൽ, അപേക്ഷകർക്ക് കുറഞ്ഞ ശമ്പളനിരക്ക് 800 ദീനാർ എന്ന നിബന്ധനയിൽ മാറ്റം വരുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.