പ്രധാന റോഡുകളിൽ ഡെലിവറി ബൈക്ക് നിരോധനം പ്രാബല്യത്തിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന നിരത്തുകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തിയുള്ള ഉത്തരവ് പ്രാബല്യത്തിൽ. ബൈക്ക് അപകടങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ആണ് നടപടി. എക്സ്പ്രസ് ഹൈവേകളിലും റിങ് റോഡുകളിലുമാണ് ഡെലിവറി ബൈക്കുകൾക്ക് വിലക്കേർപ്പെടുത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ട്രാഫിക് ആൻഡ് ഓപറേഷൻ അഫയേഴ്സ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് ആണ് ഡെലിവറി ബൈക്കുകൾക്ക് പ്രധാന നിരത്തുകളിൽ വിലക്കേർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. വിലക്ക് ഒക്ടോബർ മൂന്നുമുതൽ നിലവിൽ വരും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാൽ മരവിപ്പിച്ച ഉത്തരവാണ് ഞായറാഴ്ച മുതൽ പ്രാബല്യത്തിലായത്. ഫസ്റ്റ് റിങ് അഥവാ സബാഹ് അൽ അവ്വൽ ഹൈവേ, നാലാം നമ്പർ ഹുസൈൻ റൂമി റിങ് റോഡ്, അഞ്ചാം നമ്പർ ശൈഖ് സായിദ് ഹൈവേ, ജാസിം അൽ ഖറാഫി ഹൈവേ, സുൽത്താൻ ഖാബൂസ് സെവൻത് റിങ് റോഡ്, 30ാം നമ്പർ കിങ് അബ്ദുൽ അസീസ് റോഡ്, 40ാം നമ്പർ കിങ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡ്, 50ാം നമ്പർ കിങ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ്, 60ാം നമ്പർ ഗസ്സാലി റോഡ്, 80ാം നമ്പർ ജഹ്റ റോഡ്, ജമാൽ അബ്ദുൽ നാസർ ഫ്ലൈ ഓവർ, ശൈഖ് ജാബിർ പാലം എന്നീ റോഡുകളിൽ ഡെലിവറി ബൈക്കുകൾ പ്രവേശിക്കാൻ പാടില്ല.
സ്ഥാപനം പ്രവർത്തിക്കുന്ന പ്രദേശങ്ങളിൽ മാത്രമേ ബൈക്ക് ഡെലിവറി അനുവദിക്കൂ. ഡെലിവറി ബൈക്കുകളുടെ ബോക്സുകൾക്ക് പിന്നിൽ റിഫ്ലക്ടിവ് ലൈറ്റ് സ്ട്രിപ്പുകൾ സ്ഥാപിക്കാനും ആക്സസറി ബോക്സിൽ ലൈറ്റുകൾ സ്ഥാപിക്കാനും പ്രത്യേക നിർേദശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.