ഒക്ടോബർ മൂന്നുമുതൽ ഹൈവേകളിൽ ഡെലിവറി ബൈക്കുകൾക്ക് വിലക്ക്
text_fieldsകുവൈത്ത് സിറ്റി: ഒക്ടോബർ മൂന്നുമുതൽ കുവൈത്തിലെ പ്രധാന റോഡുകളിൽ ഫുഡ് ഡെലിവറി ബൈക്കുകൾക്ക് വിലേക്കർപ്പെടുത്തി. ട്രാഫിക് ആൻഡ് ഓപറേഷൻ അഫയേഴ്സ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായിഗ് അറിയിച്ചതാണിത്.
ഫസ്റ്റ് റിങ് റോഡ്, ഫോർത്ത് റിങ് റോഡ്, ഫിഫ്ത് റിങ് റോഡ്, സിക്‌സ്ത് റിങ് റോഡ്, സെവൻത് റിങ് റോഡ്, 30ാം നമ്പർ കിങ് അബ്ദുൽ അസീസ് റോഡ്, 40ാം നമ്പർ കിങ് ഫഹദ് ബിൻ അബ്ദുൽ അസീസ് റോഡ്, 50ാം നമ്പർ കിങ് ഫൈസൽ ബിൻ അബ്ദുൽ അസീസ് റോഡ്, 60ാം നമ്പർ ഗസ്സാലി റോഡ്, ജഹ്റ റോഡ്, ജമാൽ അബ്ദുൽ നാസർ റോഡ് (മേൽപാലം), ശൈഖ് ജാബിർ പാലം എന്നീ റോഡുകളിലാണ് വിലക്ക് ഏർപ്പെടുത്തിയത്.
തീരുമാനമെടുക്കുന്നതിനു മുന്നോടിയായി ഫെഡറേഷൻ ഓഫ് ഡെലിവറി കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും റോഡുകളിലെ ഡെലിവറി ബൈക്കുകളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
ഡെലിവറി ബൈക്കുകളുടെ ബോക്സുകൾക്ക് പിന്നിൽ റിഫ്ലക്റ്റിവ് ലൈറ്റ് സ്ട്രിപ്പുകൾ സ്ഥാപിക്കാനും ആക്സസറി ബോക്സിൽ ലൈറ്റുകൾ സ്ഥാപിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്. പ്രധാന റോഡുകളിൽ വിലക്ക് ഏർപ്പെടുത്തിയതിൽ കഫേ ഉടമകളുടെ യൂനിയനും ഡെലിവറി കമ്പനികൾക്കും പ്രതിഷേധമുണ്ട്.
അതേസമയം, ഗതാഗത വകുപ്പിെൻറ തീരുമാനം അനുസരിക്കുമെന്നും അവർ വ്യക്തമാക്കി. തീരുമാനം നടപ്പാക്കിയാൽ കമ്പനികളുടെ ലാഭത്തിൽ 80 ശതമാനം ഇടിവുണ്ടാകുമെന്നാണ് അവർ പറയുന്നത്. ബൈക്ക് അപകടങ്ങൾ പത്തുവർഷത്തിനിടെ കുത്തനെ ഉയർന്നിട്ടുണ്ട്.
ഡെലിവറി മോട്ടോർ ബൈക്ക് ഒാടിക്കുന്നവർ റോഡുകളിൽ സുരക്ഷയും നിയമങ്ങളും പാലിക്കുന്നില്ലെന്ന് ആരോപണമുണ്ട്. ട്രാക്ക് തെറ്റിക്കുന്നതും അമിത വേഗത്തിൽ പായുന്നതും അപകടത്തിനു കാരണമാകുന്നു.
എന്നാൽ, മറ്റു വാഹനങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ കുറവാണ് ബൈക്ക് അപകടങ്ങൾ എന്ന് യൂനിയൻ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.