റമദാനിൽ ദന്ത ചികിത്സ
text_fieldsറമദാനിലെ ഓരോ നിമിഷവും അമൂല്യവും നാമോരോരുത്തരും പാഴാക്കാൻ ഇഷ്ടപ്പെടാത്തതുമാണ്. എന്നാൽ, ആരാധനാ മുഖരിതമായിരിക്കേണ്ട ദിനരാത്രങ്ങളിൽ പല്ലുവേദന വന്നാൽ ഇബാദത്തുകളിൽ ശരിയായി മുഴുകാനും പലപ്പോഴും നോമ്പ് പൂർത്തിയാക്കാനും സാധിക്കാത്ത അവസ്ഥ സംജാതമാകും. അതുകൊണ്ട് പൊതുവെ റമദാന് മുന്നേ ഒരു ഡെന്റൽ ചെക്കപ്പ് നടത്താൻ ഉപദേശിക്കാറുണ്ട്. പ്രശ്നമാകാൻ സാധ്യതയുള്ള പല്ലുകളെ ചികിത്സിച്ച് നന്നാക്കാനും, റെസ്റ്റോറേഷനോ, റൂട്ട് കനാൽ തെറപ്പിയോ സാധ്യമല്ലാത്തവയെ എടുത്തൊഴിവാക്കാനും, മോണകളെ ക്ലീനിങ് ചെയ്ത് ആരോഗ്യത്തോടെ നിലനിർത്താനും ഈ പ്രീ റമദാൻ ചെക്കപ്പ് സഹായിക്കുന്നു.
ഇനി അഥവാ അതു സാധിക്കാതെ വന്നാലോ? റമദാൻ മാസത്തിൽ പല്ലിലെ കേടോ, മോണ രോഗമോ മൂലം വേദന വന്നാൽ, വായിലെ ഉണങ്ങാത്ത വ്രണങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഒക്കെ നോമ്പും പെരുന്നാളും കഴിയും വരെ കാത്തിരിക്കുന്ന പ്രവണത കാണാറുണ്ട്.
ദന്തചികിത്സ മൂലം നോമ്പ് മുറിയും എന്ന ഒരു ധാരണ പരക്കെ ഉള്ളതാണ് അതിനു കാരണമെന്ന് തോന്നുന്നു. അങ്ങനെ നീട്ടിവെച്ച് സൂചികൊണ്ടു എടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കേണ്ട പരുവത്തിലാണ് പലപ്പോഴും നോമ്പിന് ശേഷം ആളുകൾ ക്ലിനിക്കിൽ വരുന്നത്. കൂടാതെ റമദാൻ നോമ്പുകൾ കുറെയെണ്ണം വേദനസംഹാരികൾ കഴിക്കാനായി ഒഴിവാക്കേണ്ടിയും വന്നതിന്റെ മനോവിഷമവും.എന്നാൽ, ഇന്നത്തെ ദന്ത ചികിത്സയിൽ ഒരു തുള്ളി വെള്ളം പോലും വായിൽനിന്ന് ഉള്ളിലേക്ക് ഇറങ്ങാതെ പുറത്തു കളയുകയും , റൂട്ട് കനാൽ തെറപ്പി, റെസ്റ്റോറേഷൻ പോലുള്ള ചികിത്സകളിൽ ഉപയോഗിക്കുന്ന റബ്ബർ ഡാം ഐസൊലേഷൻ സിസ്റ്റം, വായിലേക്ക് പോലും വെള്ളമോ മറ്റു മരുന്നുകളോ എത്താത്ത വിധം ചികിത്സ പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്യും.
ദന്തചികിത്സക്ക് ഉപയോഗിക്കുന്ന ലോക്കൽ അനസ്തേഷ്യ ഇൻജക്ഷനിൽ ഊർജദായകമായ ഒന്നും ഇല്ലാത്തതിനാൽ അതും നോമ്പിന് ഭംഗം വരുത്തുന്ന ഒന്നല്ല. അതിനാൽ റമദാനിൽ ദന്തരോഗങ്ങളോ മോണ രോഗങ്ങളോ അലട്ടുന്നുവെങ്കിൽ നിങ്ങളുടെ ഡെന്റിസ്റ്റിനെ കൺസൾട്ട് ചെയ്യാനും ആവശ്യമെങ്കിൽ ചികിത്സ ചെയ്യാനും ശ്രദ്ധിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.