ഈ വർഷം നാടുകടത്തിയത് 25,000 പ്രവാസികളെ
text_fieldsകുവൈത്ത് സിറ്റി: വിവിധ കുറ്റകൃത്യങ്ങൾക്ക് പിടിയിലാകുന്നവരെ നാടുകടത്തുന്ന നടപടി ഊർജിതപ്പെടുത്തുന്നു. ഈ വർഷം ജനുവരി ആദ്യം മുതൽ ആഗസ്റ്റ് 19 വരെ 25,000 പ്രവാസികളെ നാടുകടത്തിയതായി അൽ ഖബാസ് പത്രം റിപ്പോർട്ടു ചെയ്തു. റിപ്പോർട്ട് പ്രകാരം പ്രതിദിനം ശരാശരി 108 പ്രവാസികൾ നാടുകടത്തപ്പെടുന്നു. താമസ, തൊഴിൽ നിയമലംഘനം, ക്രിമിനൽ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് ദുരുപയോഗം, ഭിക്ഷാടനം, രാജ്യത്തിന്റെ സുരക്ഷക്ക് ഹാനികരമായ പ്രവൃത്തികൾ, ദുഷ്പ്രവൃത്തികൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസികളാണ് നാടുകടത്തപ്പെടുന്നത്. നാടുകടത്തപ്പെട്ടവരിൽ 10,000 സ്ത്രീകളും ഉൾപ്പെടുന്നു.
നിയമലംഘകരെ കണ്ടെത്തുന്നതിനായി ശക്തമായ പരിശോധനകളാണ് രാജ്യത്ത് നടന്നുവരുന്നത്. ഈവർഷം അവസാനത്തോടെ നാടുകടത്തപ്പെട്ടവരുടെ എണ്ണം 35,000 കടക്കുമെന്നാണ് സൂചന. നിരവധി മയക്കുമരുന്ന് ഉപയോക്താക്കളെയും ഇടപാടുകാരെയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്യുകയും നാടുകടത്തൽ ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. നിയമലംഘകരെ പിടികൂടാനും നാടുകടത്താനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹ് കർശന നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്ത് ഏകദേശം 1,33,000 ആളുകൾ താമസ നിയമങ്ങൾ ലംഘിച്ചു കഴിയുന്നുണ്ടെന്നാണ് സ്ഥിതിവിവരക്കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.