കുവൈത്ത് ഉപപ്രധാനമന്ത്രി ദുബൈ ഭരണാധികാരിയുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാഹോദര്യവുമായ ബന്ധങ്ങൾ സുസ്ഥിരമായി നിലനിർത്തുന്നതിന്റെ ഭാഗമായി കുവൈത്ത് ഉപപ്രധാനമന്ത്രി ദുബൈയിൽ. കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹ്മദ് ഫഹദ് അൽ അഹമ്മദ് അസ്സബാഹ്, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദുമായി കൂടിക്കാഴ്ച നടത്തി.
സംയുക്ത പരിശ്രമങ്ങളിലൂടെ ഇരുരാജ്യങ്ങളുടെയും വികസനം ത്വരിതപ്പെടുത്താനും സഹകരണം ഏകോപിപ്പിക്കാനുമുള്ള കൂടുതൽ സാധ്യതകൾ കണ്ടെത്തണമെന്ന് ധാരണയായി.
കൂടിക്കാഴ്ചയിൽ, അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെയും കിരീടാവകാശി ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അസ്സബാഹിന്റെയും ആശംസ ശൈഖ് മുഹമ്മദ് ബിൻ റാഷിദിന് കൈമാറി. ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞ ശൈഖ് അഹമ്മദ് ഫഹദ് അഭിനന്ദനവും അറിയിച്ചു.
ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനും എമിറേറ്റ്സ് എയർലൈനിന്റെ സുപ്രീം ചെയർമാനും ഷെയ്ഖുമാരും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. യു.എ.ഇയിലെ കുവൈത്ത് അംബാസഡർ ജമാൽ അൽ ഗുനൈം, കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ. മതാർ അൽ നെയാദി എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.