വൈവിധ്യവത്കരണത്തിലൂടെ വികസനം ത്വരിതപ്പെടുത്തണം -അമീർ
text_fieldsകുവൈത്ത് സിറ്റി: സമ്പദ്വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിലൂടെ മേഖലയിലെ വികസനം ത്വരിതപ്പെടുത്തണമെന്ന് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. കുവൈത്തിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകീകൃത നയങ്ങളിലൂടെയും പാരമ്പര്യേതര വരുമാനത്തിലൂടെയും സാമ്പത്തിക സുസ്ഥിരത കൈവരിക്കണം. പ്രാദേശികമായും ആഗോളമായും സമ്പദ്വ്യവസ്ഥയുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിന് നവീകരണവും എ.ഐ അടക്കമുള്ള സാങ്കേതിക വിദ്യകളും ഉപയോഗിക്കണമെന്നും അമീർ പറഞ്ഞു. ഫലസ്തീനിൽ തുടരുന്ന ഇസ്രായേൽ അധിനിവേശത്തെയും വംശഹത്യയെയും അമീർ അപലപിച്ചു.
ഫലസ്തീനിൽ വെടിനിർത്തലിനും നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കാനും അടിയന്തര സഹായത്തിനായി സുരക്ഷിതമായ വഴികൾ തുറക്കാനും ഐക്യരാഷ്ട്ര രക്ഷാസമിതിയോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം, ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കൽ എന്നിവയിൽ ഫലസ്തീൻ ജനതക്കുള്ള ചരിത്രപരമായ പിന്തുണ കുവൈത്ത് അമീർ ആവർത്തിച്ചു.
ലബനാൻ, സിറിയ, ഇറാൻ എന്നീ രാഷ്ട്രങ്ങൾ ആവർത്തിച്ചുള്ള ഇസ്രായേൽ ആക്രമണത്തിന് സാക്ഷ്യം വഹിക്കുന്നതായി സൂചിപ്പിച്ച അമീർ സൗദി, ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവ നടത്തുന്ന വെടിനിർത്തൽ മധ്യസ്ഥ ശ്രമങ്ങളെ പിന്തുണച്ചു. ജി.സി.സിയോടുള്ള ഇറാന്റെ നിലപാടുകളെ കുവൈത്ത് അമീർ അഭിനന്ദിച്ചു. ഇത് ജി.സി.സി-ഇറാൻ ബന്ധത്തെ ഗുണപരമായ നിലയിൽ എത്തിക്കുമെന്നും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.