പ്രവാസികളുടെ ചികിത്സക്ക് ദമാൻ ആശുപത്രികള്‍ സജ്ജമാകുന്നു
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളുടെ ചികിത്സ ലക്ഷ്യംവെച്ച് പൂർത്തീകരിക്കുന്ന ദമാൻ ആശുപത്രികള്‍ പ്രവര്‍ത്തന സജ്ജമാകുന്നു. അഹമ്മദിയിലെ ആശുപത്രിയിലേയും, ഫഹാഹീല്‍ സെന്ററിലേയും ആരോഗ്യ ഇൻഷുറൻസ് സംവിധാനം ദമാൻ അധികൃതര്‍ പരിശോധിച്ചു ഉറപ്പുവരുത്തി.
സർക്കാർ-സ്വകാര്യമേഖല പങ്കാളിത്തത്തിൽ പ്രവാസികളുടെ ചികിത്സക്കായി മിഡിൽ ഈസ്റ്റിലെതന്നെ ആദ്യത്തെ ആരോഗ്യ പരിപാലന സ്ഥാപനമാണ് ദമാൻ. മെഡിക്കൽ ലബോറട്ടറികൾ, റേഡിയോളജി സെന്ററുകൾ, ഫാർമസ്യൂട്ടിക്കൽ സേവനങ്ങൾ, ആംബുലൻസ്, മെഡിക്കൽ പരിശീലന സൗകര്യങ്ങൾ തുടങ്ങിയ നിരവധി സേവനങ്ങള്‍ ദമാനില്‍ ലഭ്യമാകും.
ഇന്റഗ്രേറ്റഡ് ഹെൽത്ത് മെയിന്റനൻസ് സിസ്റ്റം വഴി മെഡിക്കൽ സേവനങ്ങൾ നൽകുന്ന ദമാനില്‍ രാജ്യത്തെ ഹെൽത്ത് കെയർ ഫെസിലിറ്റിക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയതായി മെഡിക്കൽ സർവിസസ് ഡയറക്ടർ ഡോ. അൻവർ അൽ റഷീദ് പറഞ്ഞു.
പദ്ധതി പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ കുവൈത്തികള്‍ക്ക് 6,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ദമാന്‍ ഡയറക്ടർ ബോർഡ് അംഗം ഖാലിദ് അൽ അബ്ദുൾഗാനി പറഞ്ഞു.
ആരോഗ്യ ഇൻഷുറൻസ് ആശുപത്രികളുടെ പ്രവർത്തനം സർക്കാർ ആശുപത്രികളിലെ സമ്മർദവും തിരക്കും കുറക്കുമെന്നും പ്രതീക്ഷിക്കുന്നു.ഇൻഷുറൻസ് കമ്പനിക്കു കീഴിൽ രാജ്യവ്യാപകമായി 12 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഫഹാഹീലും ജഹ്റയിലുമായി രണ്ട് ആശുപത്രികളുമാണ് പ്രവര്‍ത്തിക്കുക.
മുഴുവൻ പദ്ധതികളും പ്രാവർത്തികമാകുന്നതോടെ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളും അവരുടെ കുടുംബവും പ്രയോജകരായി മാറും. അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികളും ക്ലിനിക്കുകളുമാണ് തയാറാക്കുന്നത്.
അതേസമയം, ആശുപത്രികൾ പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ പ്രവാസികളുടെ ആരോഗ്യ ഇൻഷുറൻസ് തുകയിലും വര്‍ധന ഉണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.