ഇടതുപക്ഷ സർക്കാറുകളുടേത് വ്യത്യസ്തമായ കാഴ്ചപ്പാടും, സമീപനവും –എം. സ്വരാജ്
text_fieldsകുവൈത്ത് സിറ്റി: ഇ.എം.എസ് സർക്കാറിന്റെ കാലം മുതൽ വ്യത്യസ്തമായ കാഴ്ചപ്പാടും സമീപനവുമാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാറുകൾ സ്വീകരിച്ചുവരുന്നതെന്ന് എം.സ്വരാജ്. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് സംഘടിപ്പിച്ച 'കേരളം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ബദൽ' എന്ന പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമികാരോഗ്യം, മിനിമംകൂലി, ജന്മിത്വമവസാനിപ്പിക്കാനുള്ള നടപടികള്‍, അവശവിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമ പെൻഷനുകൾ എന്നിവയൊക്കെ ചരിത്രപരമായ പ്രാധാന്യം നേടി.
അധികാര വികേന്ദ്രീകരണം നടപ്പാക്കല്‍, സമ്പൂര്‍ണ സാക്ഷരത, വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണം എന്നിവ ശക്തമാക്കുന്ന നടപടികളുമെടുത്തു. വിപ്ലവകരമായ പല നിയമനിര്‍മാണങ്ങളും കാര്‍ഷിക പരിഷ്കരണ പരിപാടികളും മുന്നേറ്റമുണ്ടാക്കിയെന്ന് അദ്ദേഹം സൂചിപ്പിച്ചു. കല കുവൈത്ത് സംഘടിപ്പിക്കുന്ന 'എന്റെ കൃഷി 2022 -23' കാർഷിക മത്സരത്തിന്റെ വിത്തുവിതരണ ഉദ്ഘാടനവും എം. സ്വരാജ് നിർവഹിച്ചു. അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടന്ന പരിപാടിയിൽ കല കുവൈത്ത് പ്രസിഡന്റ് പി.ബി. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞു.
കല കുവൈത്ത് പ്രവർത്തകർ നടത്തിയ സംഗീത പരിപാടികളോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്. ലോക കേരളസഭ അംഗം ആർ.നാഗനാഥൻ, കല കുവൈത്ത് ട്രഷറർ അജ്നാസ്, ജോ.സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവർ സംബന്ധിച്ചു. വൈസ് പ്രസിഡന്റ് ഷൈമേഷ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.