ഡിജിറ്റൽവത്കരണം അതിവേഗം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ഡിജിറ്റൽവത്കരണത്തിന് വേഗം പകർന്ന് ഗൂഗിൾ ക്ലൗഡ്. കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ മൂന്ന് ഗൂഗിൾ ഡാറ്റാബേസും ക്ലൗഡ് സേവനകേന്ദ്രങ്ങളും തുറക്കുമെന്ന് ഗൂഗിൾ ക്ലൗഡ് അറിയിച്ചു. സർക്കാർ ജീവനക്കാരും പുതുതായി ബിരുദം നേടിയവരും ഉൾപ്പെടെ 3000 പേർക്ക് ക്ലൗഡ് കമ്പ്യൂട്ടിങ്ങിൽ പരിശീലനം നൽകും. ഇതിനായി ദേശീയ പരിശീലന പരിപാടി ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.
കുവൈത്തുമായി സഹകരിച്ചുള്ള സേവനങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഗൂഗിൾ ഉന്നത ഉദ്യോഗസ്ഥർ കുവൈത്ത് സന്ദർശിച്ചു. ഗൂഗിൾ വൈസ് പ്രസിഡന്റ് വിന്റൺ ഗ്രേ സെർഫ് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ക്ലൗഡ് കമ്പ്യൂട്ടിങ് സംയോജനം ഉപയോഗിച്ച് സർക്കാർ സേവനങ്ങൾ വികസിപ്പിക്കാനുള്ള താൽപര്യവും ഡിജിറ്റൽ പരിവർത്തനം കൈവരിക്കുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധതയും കിരീടാവകാശി വ്യക്തമാക്കി. ഗൂഗിൾ നൽകുന്ന സേവനങ്ങളിൽ കുവൈത്ത് നേതൃത്വത്തിനുള്ള വിശ്വാസത്തിന് സെർഫ് നന്ദി അറിയിച്ചു.
ഗൂഗിൾ ക്ലൗഡ് മാർക്കറ്റിങ് ആൻഡ് ആപ്ലിക്കേഷൻ ഓഫ് ക്ലൗഡ് സർവിസസ് മേധാവി എദിർ ഫോക്സ് മാർട്ടിനും പ്രതിനിധി സംഘവും പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. ക്ലൗഡ് സേവനങ്ങൾ വിപണനം ചെയ്യൽ, നടപ്പിലാക്കൽ എന്നിവയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ്, ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഡോ. ഖാലിദ് അലി, മുനിസിപ്പൽ കാര്യ സഹമന്ത്രിയും വാർത്താവിനിമയ കാര്യ സഹമന്ത്രിയുമായ ഫഹദ് അലി അൽ ഷൂല എന്നിവരും ബയാൻ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കുവൈത്തിലെ വിവരവിനിമയ മേഖലയുടെ വികസനത്തിന് വേഗം കൈവരാന്‍ ഗൂഗിള്‍ ക്ലൗഡ് സഹായകരമാകും. പൊതു ജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനും സര്‍ക്കാര്‍ ജീവനക്കാരുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും പുതിയ നീക്കം ഗുണം ചെയ്യും. രാജ്യത്ത് സമ്പന്നമായ ടെക് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനും കുവൈത്തികള്‍ക്ക് കൂടുതല്‍ വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഗൂഗിളിന്റെ വരവോടെ സാധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.