റെക്കോഡ് കുതിപ്പിൽ കുവൈത്ത് ദീനാർ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്നു. തിങ്കളാഴ്ച ഒരു കുവൈത്ത് ദീനാറിന് 275ന് മുകളിൽ ഇന്ത്യൻ രൂപ എന്ന നിലയിലേക്ക് ഉയർന്നു. രണ്ടു ദിവസങ്ങളിലായി ഒരു ദീനാറിന് 274 ഇന്ത്യൻ രൂപക്ക് മുകളിൽ രേഖപ്പെടുത്തിയിരുന്നു. ഇതാണ് വീണ്ടും ഉയർന്ന് ഇതുവരെയില്ലാത്ത നിരക്കിലെത്തിയത്.
യു.എസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന ഭയത്തിൽ ഓഹരി വിപണി തകർന്നടിഞ്ഞതും രൂപയുടെ മൂല്യം ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയിലേക്കെത്തിയതുമാണ് രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്ക് ഉയരാൻ കാരണം. ക്രിപ്റ്റോ കറൻസികളുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. ഇറാൻ-ഇസ്രായേൽ സംഘർഷവും വിപണിയെ സ്വാധീനിച്ചു.
കഴിഞ്ഞ മാസം ഒരു ദീനാറിന് 272 ഇന്ത്യൻ രൂപക്ക് മുകളിൽ രേഖപ്പെടുത്തിയിരുന്നു. ഇത് പിന്നീട് 273 ലേക്ക് ഉയർന്നു. ഈ മാസം ആദ്യത്തോടെ 274ന് മുകളിലേക്കും തിങ്കളാഴ്ച 275 ലേക്കും കുതിച്ചുകയറി. ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത് എല്ലാ ജി.സി.സി രാജ്യങ്ങളിലെയും നിരക്കിൽ വർധനവുണ്ടാക്കിയിട്ടുണ്ട്. നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഉയർന്ന നിരക്ക് ലഭിക്കാൻ ഇത് സഹായിക്കും. നിരക്ക് ഉയരുന്നത് വലിയ തുകകൾ അയക്കുന്നവർക്ക് ഏറെ മെച്ചവുമുണ്ടാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.