കേന്ദ്ര ബജറ്റ് നിരാശജനകം, പ്രവാസികൾക്ക് അവഗണന -കല കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ പ്രവാസികളോട് തികഞ്ഞ അവഗണനയെന്നും ബജറ്റ് നിരാശജനകമാണെന്നും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് പ്രസ്താവനയിൽ പറഞ്ഞു. തൊഴിൽ നഷ്ടപ്പെട്ട് തിരികെ വരുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി പ്രത്യേക പാക്കേജ് വേണമെന്ന ദീർഘകാലമായുള്ള ആവശ്യം ഇത്തവണയും ബജറ്റ് അവഗണിച്ചു. രാജ്യത്തിനകത്ത് തൊഴിൽ നൽകുന്നതിനാവശ്യമായ പദ്ധതികളൊന്നുമില്ലാതെ പൊതുമേഖല സ്ഥാപനങ്ങളെയാകെ സ്വകാര്യവത്കരിച്ച് പുതിയ തൊഴിലന്വേഷകരെയുൾെപ്പടെ ബജറ്റ് അവഗണിച്ചു.
പൊതു തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ചെപ്പടി വിദ്യകൾക്കപ്പുറം രാജ്യത്തിന്റെ പൊതുതാൽപര്യത്തിനും തൊഴിൽ മേഖലയുടെ ഉന്നമനത്തിനും സഹായകരമാവുന്ന ഒന്നിനും ബജറ്റ് പരിഗണന നൽകിയിട്ടില്ല. കാർഷിക ഉൽപന്നങ്ങൾക്ക് താങ്ങുവില ഉൾപ്പെടെയുള്ള ആവശ്യങ്ങളോട് നിഷേധാത്മക സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക വെട്ടിക്കുറച്ച് സാധാരണക്കാരായ മനുഷ്യരോടും തൊഴിലാളികളോടുമുള്ള അവഗണന തുടരുകയാണ്. കേരളത്തോടുള്ള സമീപനത്തിൽ മുൻ കാലങ്ങളിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച അവഗണന ഈ ബജറ്റിലും തുടരുന്നു.
സംസ്ഥാനം വിഹിതം വെട്ടിക്കുറച്ചും കേരളത്തിന്റെ ദീർഘകാല ആവശ്യമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടുത്താതെയും റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഇല്ലാതെയും സംസ്ഥാനം ആവശ്യപ്പെട്ട പദ്ധതികളോട് നിഷേധാത്മക സമീപനമാണ് ബജറ്റ് സ്വീകരിച്ചത്.
നവകേരള നിർമാണത്തിനായുള്ള സംസ്ഥാന സർക്കാറിന്റെ ശ്രമങ്ങളെ തടയുന്ന നടപടികളാണ് ബജറ്റിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും പ്രസിഡന്റ് കെ.കെ. ശൈമേഷും ജനറൽ സെക്രട്ടറി സി. രജീഷും പത്രക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.