കുവൈത്തിൽ ജൂലൈയിൽ വിവാഹത്തേക്കാൾ വിവാഹ മോചനം കൂടുതൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ജൂലൈയിൽ വിവാഹത്തേക്കാൾ കൂടുതൽ വിവാഹമോചനങ്ങൾ. പൊതുവെ വിവാഹമോചന നിരക്ക് കൂടുതലാണ് രാജ്യത്തെങ്കിലും വിവാഹത്തേക്കാൾ കൂടുതലായി ഒരു മാസത്തിൽ വിവാഹമോചനം നടക്കുന്നത് ആദ്യമായാണ്. ലീഗൽ ഡോക്യുമെൻറ് ഡിപ്പാർട്മെൻറ് കണക്കുകൾ അനുസരിച്ച് 622 വിവാഹങ്ങളാണ് കഴിഞ്ഞമാസം നടന്നത്.
അതേസമയം, 818 വിവാഹ മോചനവും നടന്നു. കോവിഡ് കാലമായതിനാൽ വിവാഹങ്ങൾ കുറവായത് ഇതിനൊരു കാരണമാണ്. ലോക്ഡൗൺ കാലത്ത് കൂടുതൽ സമയം കുടുംബത്തിൽ തന്നെ കഴിയുന്നത് തർക്കങ്ങൾ വർധിക്കാൻ കാരണമായതായി വിദഗ്ധരെ ഉന്നയിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സാമ്പത്തിക പ്രശ്നങ്ങളും നിരവധി കുടുംബങ്ങളിൽ അസ്വാരസ്യങ്ങളുണ്ടാക്കി. സാമ്പത്തിക പ്രയാസങ്ങൾ മൂലമുള്ള മാനസിക സമ്മർദം കുടുംബ ബന്ധങ്ങളെ ബാധിച്ചതായും വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. പൊതുവിൽ 60 ശതമാനത്തിനടുത്താണ് കുവൈത്തിൽ വിവാഹമോചന നിരക്ക്. കഴിഞ്ഞവർഷം നടന്ന വിവാഹബന്ധങ്ങളിൽ പകുതിയോളം വിവാഹമോചനത്തിൽ കലാശിച്ചു.
വിവാഹമോചനം വർധിക്കുന്നത് ഭാവിയിൽ സാമൂഹികജീവിതത്തിെൻറ താളംതെറ്റിക്കാനും തുടർന്ന് ജനങ്ങളിൽ അരക്ഷിതാവസ്ഥക്കും കാരണമായേക്കുമെന്നും സാമൂഹികക്ഷേമ മന്ത്രാലയം ഭയക്കുന്നു. ബോധവത്കരണത്തിലൂടെ വിവാഹമോചനം കുറക്കാൻ അധികൃതർ ശ്രമിച്ചുവരുന്നു. കുവൈത്തികൾ തമ്മിലുള്ള വിവാഹങ്ങളാണ് അധികവും തകരുന്നത്. ഇക്കാരണങ്ങളാൾ പല സ്വദേശികൾക്കും വിദേശികളെ വിവാഹം ചെയ്യാനാണ് താൽപര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.