സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട; ക്ഷാമമുണ്ടാകില്ല
text_fieldsകുവൈത്ത് സിറ്റി: ആഗോളതലത്തിൽ തുടരുന്ന പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും സാഹചര്യത്തിൽ കുവൈത്ത് വാണിജ്യ മന്ത്രാലയം ഭക്ഷ്യ കരുതൽ ശേഖരം ഉറപ്പുവരുത്തി. ഇറക്കുമതി സാധ്യമായില്ലെങ്കിലും ഒരുവർഷത്തിലേറെ കാലം ഉപയോഗിക്കാനുള്ള സാധനങ്ങൾ കരുതൽ ശേഖരത്തിലുണ്ട്. ചിലപ്പോൾ ഒരുവർഷത്തിനപ്പുറവും ബാക്കിയുണ്ടാവുമെന്ന് സ്റ്റോക്ക് വിലയിരുത്തിയ ശേഷം അധികൃതർ പറഞ്ഞു.
അനാവശ്യമായി ഭക്ഷ്യ വസ്തുക്കൾ സംഭരിച്ചുവെക്കരുതെന്നും ഇത് വിപരീത ഫലങ്ങൾ ഉളവാക്കുമെന്നും വാണിജ്യമന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു. അവശ്യ വസ്തുക്കളുടെ വിപണി വില നിശ്ചയിക്കുന്നത് വാണിജ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണെന്ന് വാണിജ്യ മന്ത്രി ഫഹദ് അൽ ശരീആൻ വ്യക്തമാക്കി. പ്രാദേശികമായി സാധനങ്ങളുടെ വിലയിലുണ്ടായ വ്യത്യാസം നിയന്ത്രിക്കാൻ മന്ത്രാലയത്തിന് സാധിക്കും. ആഗോളതലത്തിൽ ചരക്ക് നീക്കത്തിലും ഉൽപാദനത്തിലും ഉണ്ടായ പ്രതിസന്ധി വിപണിയെ ബാധിക്കുന്നുണ്ട്. എന്നാൽ, രാജ്യത്തെ ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതിനെതിരെ വാണിജ്യ മന്ത്രാലയത്തിന്റെ നിരീക്ഷണമുണ്ട്. സാധന ലഭ്യത സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
കോവിഡ് പ്രതിസന്ധിയുടെ തുടക്ക ഘട്ടത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്ത അനുഭവസമ്പത്ത് വാണിജ്യ മന്ത്രാലയത്തിന് മുതൽക്കൂട്ടാണ്. ചില രാജ്യങ്ങൾ ചില ഉൽപന്നങ്ങൾക്ക് കയറ്റുമതി വിലക്ക് ഏർപ്പെടുത്തിയത് മറ്റു രാജ്യങ്ങളുമായി ധാരണയിലെത്തി പരിഹരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.