വ്യാജ സന്ദേശങ്ങളോട് പ്രതികരിക്കരുത് -ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: വ്യാജ സന്ദേശങ്ങളോ അജ്ഞാത ഉറവിടമുള്ള വെബ്സൈറ്റുകളോ കൈകാര്യം ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. രാജ്യത്ത് വിവിധ സൈബർ കുറ്റകൃത്യങ്ങൾ പലരൂപത്തിൽ ഉയർന്നതിനെത്തുടർന്നാണ് മുന്നറിയിപ്പ്. ഗതാഗത ലംഘനങ്ങൾക്ക് പിഴ ആവശ്യപ്പെട്ട് കാളുകൾ വരുന്നതായി നിരന്തര പരാതിയുണ്ട്. വ്യാജ സന്ദേശങ്ങളും അജ്ഞാത വെബ്സൈറ്റുകളും വഴി തട്ടിപ്പുകാർ ആളുകളെ കബളിപ്പിക്കുകയാണ്.
ഇത്തരം കാളുകളിൽ വിശ്വസിച്ച് പണം കൈമാറരുതെന്നും അവ വഞ്ചനാപരമായ പ്രവർത്തനമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് ലംഘനങ്ങൾ നടത്തിയാൽ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹ് ലിന് ആഭ്യന്തര മന്ത്രാലയം അലർട്ടുകൾ അയക്കുന്നുണ്ട്. എന്നാൽ, മറ്റു സന്ദേശങ്ങൾ ഒന്നും അയക്കുന്നില്ലെന്നും അറിയിച്ചു.
മന്ത്രാലയങ്ങൾക്ക് സമാനമായ സൈറ്റും മറ്റു കാര്യങ്ങളും രൂപപ്പെടുത്തി പണം തട്ടുന്ന സംഘം അടുത്തിടെ സജീവമാണ്. പൊലീസ് വേഷത്തിൽ വിഡിയോ കാൾ ചെയ്തും പണം തട്ടുന്നുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തട്ടിപ്പു സംഘങ്ങളെക്കുറിച്ച് സൂചന ലഭിച്ചാൽ 112ൽ വിവരം അറിയിക്കാം.
ഫോണിൽ ലഭിക്കുന്ന സംശയകരമായ സന്ദേശങ്ങള്‍ക്കെതിരെ കുവൈത്ത് പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷനും (പാസി) നേരത്തെ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്നും ലിങ്കുകള്‍ ഓപണ്‍ ചെയ്യരുതെന്നും പാസി അറിയിച്ചു.
ഓണ്‍ലൈന്‍ തട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ ബാങ്കുകള്‍ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ, പല രൂപത്തിലാണ് തട്ടിപ്പുകാർ വലവിരിക്കുന്നത്. മലയാളികൾ അടക്കം നിരവധി പേർ ഇതിൽ വീണുപോവുകയും ചെയ്യും. അടുത്തിടെ പൊലീസ് വേഷത്തിൽ ഫോൺ വിളിച്ച് പണം തട്ടുന്ന സംഘം സജീവമാണ്. നിരവധി നഴ്സുമാർക്കാണ് ഇവരുടെ തട്ടിപ്പിൽവീണ് പണം നഷ്ടപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.