കടൽക്കരയിൽ അനധികൃത ഇരിപ്പിടം സ്ഥാപിക്കരുത് –മുനിസിപ്പാലിറ്റി
text_fieldsകുവൈത്ത് സിറ്റി: കടൽക്കരയിൽ അനധികൃത ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്നതിനെതിരെ കർശന നടപടിക്കൊരുങ്ങി അധികൃതർ. നിശ്ചിത സ്ഥലങ്ങളിൽ ഒൗദ്യോഗിക സംവിധാനങ്ങൾ വഴി ഏർപ്പെടുത്തിയ ഇരിപ്പിടങ്ങൾ അല്ലാതെ സ്വകാര്യ സ്ഥാപനങ്ങൾ സ്ഥാപിച്ച ഇരിപ്പിടങ്ങൾക്കെതിരെയാണ് നടപടിയുണ്ടാകുക. മണിക്കൂർ വ്യവസ്ഥയിൽ വാടക നൽകുന്ന വിശ്രമ, വിനോദ ഇരിപ്പിടങ്ങൾ പലയിടത്തായി സ്ഥാപിച്ചത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഒാൺലൈൻ വഴി ഇവയിലേക്ക് ബുക്കിങ് നടത്തുന്നു. അടുത്ത ദിവസം മുതൽ ഫീൽഡ് പരിശോധന നടത്തുമെന്ന ഹവല്ലി മുനിസിപ്പാലിറ്റി ബ്രാഞ്ച് ശുചിത്വ വിഭാഗം മേധാവി മുഹമ്മദ് അൽ ജബ്അ അറിയിച്ചു. ഇത്തരം സജ്ജീകരണങ്ങൾ നീക്കുന്നതിന് പുറമെ ഉടമകൾക്കെതിരെ നിയമനടപടിയുമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. 100 ദീനാർ പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. വ്യക്തിഗത ആവശ്യത്തിന് സീറ്റ് ഉപയോഗിക്കുന്നതിന് തടസ്സമില്ല. അതേസമയം, അനധികൃതമായി സജ്ജീകരിച്ച ഇരിപ്പിട സംവിധാനങ്ങൾ വാടകക്ക് നൽകുന്നത് പൊതുമുതൽ കൈയേറ്റം ചെയ്യുന്നതായി കണക്കാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.