2000 രൂപ നോട്ട് കൈയിലുണ്ടോ? നാട്ടിലേക്ക് അയച്ചോളൂ
text_fieldsകുവൈത്ത് സിറ്റി: 2000 രൂപ നോട്ടുകൾ നിരോധിച്ച് റിസർവ് ബാങ്ക് ഇത്തരവിറക്കിയതോടെ ഇവ കൈയിലുള്ള പ്രവാസികൾ നാട്ടിലെത്തിച്ച് മാറ്റിയെടുക്കേണ്ടി വരും. 2000 രൂപ നോട്ട് മരവിപ്പിച്ചതോടെ കുവൈത്തിലെ വിനിമയ സ്ഥാപനങ്ങൾ ഇവ സ്വീകരിക്കുന്നില്ല. ഇന്ത്യയിൽ സെപ്റ്റംബർ 30 വരെ നോട്ട് മാറ്റിയെടുക്കാൻ സമയമുണ്ട്. ഇതിനകം നാട്ടിൽ പോകുന്നവർക്ക് സ്വയം മാറ്റിയെടുക്കാം. അല്ലാത്തവർ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വശം നാട്ടിൽ കൊടുത്തയക്കേണ്ടി വരും.
2000 രൂപ നോട്ടുകൾ സാധാരണ പ്രവാസികളുടെ കൈയിൽ വൻതോതിൽ ഉണ്ടാവാറില്ലെന്ന് വിനിമയ സ്ഥാപന അധികൃതർ പറഞ്ഞു. നാട്ടിൽനിന്ന് വരുമ്പോഴുള്ള യാത്രചെലവിനും മറ്റും കരുതിവെച്ചതിന്റെ ബാക്കിയുള്ളവയാണ് പലപ്പോഴും പ്രവാസിയിൽ കൈയിൽ വെക്കാറ്. കുടുംബമായി കഴിയുന്നവരിലാണ് 2000ന്റെ നോട്ടുകൾ ഉണ്ടാകാൻ സാധ്യത. അത്യാവശ്യ ഘട്ടത്തിൽ നാട്ടിൽ പോകാനും അടിയന്തര ഘട്ടത്തിലെ നാട്ടിലേക്കുള്ള ടാക്സി ചെലവിനും മറ്റും നോട്ടുകൾ കരുതിവെച്ച ചിലരുമുണ്ട്. ഇത്തരക്കാർ ഇവ മാറ്റിയെടുത്തില്ലെങ്കിൽ പണം നഷ്ടമാകും.
കുവൈത്തിലെ വിനിമയ സ്ഥാപനങ്ങളിൽ 2000ന്റെ ഇന്ത്യൻ നോട്ടുകൾ സ്റ്റോക്കില്ലെന്ന് ഈ രംഗത്തുള്ളവർ അറിയിച്ചു. 2000ന്റെ നോട്ടുകളുടെ അച്ചടി നിർത്തിവെച്ചതായ വാർത്തകൾ വന്നതുമുതൽ നോട്ടുകൾ സ്വീകരിക്കുന്നത് വിനിമയ സ്ഥാപനങ്ങൾ ഒഴിവാക്കിയിരുന്നു. ഇതുകാരണം വിനിമയ സ്ഥാപനങ്ങൾക്ക് വലിയ പരിക്കേൽക്കില്ല. കഴിഞ്ഞ നോട്ട് നിരോധനകാലത്ത് പല വിനിമയസ്ഥാപനങ്ങളിലും 500, 1000 എന്നിവയുടെ വലിയ സ്റ്റോക്ക് ഉണ്ടായിരുന്നു.
ഇവ നാട്ടിലേക്ക് അയച്ചാണ് പലരും മാറ്റിയെടുത്തത്. നോട്ടുകൾ അയക്കുന്നതിലെ പ്രയാസങ്ങളും തടസ്സങ്ങളും കാരണം പല വിനിമയ സ്ഥാപനങ്ങൾക്കും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും സംഭവിച്ചു.
അതിനിടെ, 2000 രൂപ കൈയിലുള്ളവർ അടുത്തിടെ നാട്ടിൽ പോകുന്നവരെ അന്വേഷിച്ച് തുടങ്ങിയിട്ടുമുണ്ട്. മാറിയെടുക്കാനുള്ള പ്രയാസം കണക്കിലെടുത്ത് ചെറിയ കമീഷനും നൽകിയാണ് ഇത്തരക്കാർ നോട്ട് കൈമാറുന്നത്. മുഴുവൻ നഷ്ടപ്പെടുന്നതിനേക്കാൾ കിട്ടുന്നത് ലാഭം എന്ന ചിന്തയിലാണിവർ. ചില സ്ഥാപനങ്ങൾ നാട്ടിൽ പോകുന്ന ജീവനക്കാരുടെ കൈവശം 2000 രൂപ കൊടുത്തുവിടുന്നുമുണ്ട്. ഒരാൾക്ക് 25,000 രൂപവരെ രേഖകളില്ലാതെ കുവൈത്തിൽനിന്ന് നാട്ടിലേക്ക് കൊണ്ടുപോകാമെന്ന് പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.