കുവൈത്ത്: ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകളിൽ പരിശോധന തുടരുന്നു
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫിസുകളിൽ പരിശോധന തുടരുന്നു. രണ്ടാം ദിവസം ഗാർഹിക തൊഴിലാളി നിയമവും വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനങ്ങളും ലംഘിച്ചതിന് 13 ഓഫിസുകൾ സസ്പെൻഡ് ചെയ്തു.
പുതിയ നിരക്ക് പാലിക്കാത്തതിനെ തുടർന്നാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിയമലംഘനം കണ്ടെത്തിയ റിക്രൂട്ട്മെന്റ് ഓഫിസ് നടത്തിപ്പുകാരെ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി.
കെ നെറ്റ് വഴിയല്ലാതെ ഇടപാടുകൾ നടത്തിയ ആറു ഓഫിസുകൾക്ക് എതിരെയും നടപടിയെടുത്തു. ആദ്യ ദിവസം നടന്ന പരിശോധനയിൽ 41 റിക്രൂട്ട്മെന്റ് ഓഫിസുകൾ അടച്ചുപൂട്ടിയിരുന്നു. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് പ്രഖ്യാപിച്ചതിനു പിറകെയാണ് പരിശോധന ആരംഭിച്ചത്.
ആഭ്യന്തരം, വാണിജ്യം, മാൻപവർ എന്നിവയിൽ നിന്നുള്ള സംയുക്ത സമിതിയാണ് പരിശോധന നടത്തുന്നത്. തൊഴിലാളികളുടെയും ഉടമകളുടെയും അവകാശങ്ങളും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന തുടരും.
രാജ്യത്തേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കഴിഞ്ഞ ദിവസം പുതുക്കിയ നിരക്ക് പ്രഖ്യാപിച്ചിരുന്നു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിമാന ടിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് 750 ദീനാർ, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് 575 ദീനാർ എന്നിങ്ങനെയാണ് നിരക്ക്. ഏജന്‍സികള്‍ ഇല്ലാതെ നേരിട്ട് ഗാർഹിക തൊഴിലാളിയെ കൊണ്ടുവരുന്നതിന് 350 ദീനാറും ചെലവ് വരും. ഇവ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഗാർഹിക തൊഴിലാളികൾക്ക് സ്മാർട്ട് വർക്കർ ഐ.ഡി
കുവൈത്ത് സിറ്റി: ഗാർഹിക ലേബർ ഓഫിസുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന തൊഴിലാളികൾക്ക് സ്മാർട്ട് കാർഡ് ലഭ്യമാക്കണമെന്ന് പബ്ലിക്ക് അതോറിറ്റി ഫോർ മാൻപവർ നിർദേശം.
റിക്രൂട്ട് കമ്പനികൾ ഇത് പാലിക്കണം. മൈ ഐ.ഡി ആപ്ലിക്കേഷൻ വഴിയാണ് ഡിജിറ്റൽ സ്മാർട്ട് വർക്ക് കാർഡ് അനുവദിക്കുക. സ്മാർട്ട് വർക്കർ ഐ.ഡി ലഭിക്കുന്നതോടെ റിക്രൂട്ട്മെന്റ് കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാകുമെന്നാണ് പ്രതീക്ഷ. സ്വദേശി പൗരന്മാര് ലേബർ ഓഫിസുകളുമായി ബന്ധപ്പെട്ട് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോള്‍ സ്മാർട്ട് ഐ.ഡികൾ പരിശോധിച്ചുറപ്പിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഗാർഹിക തൊഴിലാളികളെ അയക്കുന്നത് ശ്രീലങ്ക നിർത്തി
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് ശ്രീലങ്ക നിർത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശ്രീലങ്കൻ സ്വദേശികളെ കുവൈത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള വ്യവസ്ഥകളും ചട്ടങ്ങളും ഉൾപ്പെടുന്ന തൊഴിൽ കരാറിനായി ശ്രീലങ്ക കാത്തിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. വിഷയത്തിൽ പുതിയ തീരുമാനം പ്രതീക്ഷിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വീട്ടുജോലിക്കാരുടെ ശമ്പളം, മിനിമം വേതനം വർധിപ്പിക്കൽ, തൊഴിലാളിക്കു അർഹമായ അവധി നൽകൽ എന്നിവയിൽ പുനഃപരിശോധന വേണമെന്നാണ് ശ്രീലങ്കൻ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.