മറന്നുപോകേണ്ട, ബയോമെട്രിക് എടുക്കാൻ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പ്രവാസികൾക്കും പൗരന്മാർക്കും ബയോമെട്രിക് രജിസ്ട്രേഷന് അനുവദിച്ച സമയപരിധി അടുക്കുന്നു. നിശ്ചിത സമയത്തിനകം ബയോമെട്രിക് പൂർത്തിയാക്കണമെന്ന് അധികൃതർ വീണ്ടും ഉണർത്തി. പ്രവാസികൾക്ക് ഡിസംബർ 31, പൗരന്മാർക്ക് സെപ്റ്റംബർ 30 എന്നിങ്ങനെയാണ് അനുവദിച്ച സമയം. ഇതിനകം മുഴുവൻ പേരും ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കണം.
എട്ട് ലക്ഷം പ്രവാസികളും 1,75,000 കുവൈത്തികളും ഇനിയും ബയോമെട്രിക്സ് പൂർത്തിയാക്കാൻ ബാക്കിയുണ്ടെന്ന് ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിലെ പേഴ്സനാലിറ്റി ഇൻവെസ്റ്റിഗേഷൻ ആൻഡ് ഓട്ടോമേറ്റഡ് സെർച്ച് ഡിപാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ നായിഫ് അൽ മുതൈരി പറഞ്ഞു. ഏകദേശം എട്ട് ലക്ഷം കുവൈത്ത് പൗരന്മാരും 1,860,000 പ്രവാസികളും ഇതിനകം ഈ പ്രക്രിയ പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബാക്കിയുള്ളവരുടെ രജിസ്ട്രേഷനുകൾ സുഗമമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ബയോമെട്രിക് രജിസ്ട്രേഷൻ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാത്തവർക്ക് എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവെക്കുമെന്നും അദ്ദേഹം അറിയിച്ചു.
സമയപരിധികൾ മാറിയിട്ടില്ലെന്നും വ്യക്തമാക്കി.1,000 ത്തോളം വൈകല്യമുള്ള വ്യക്തികൾ അവരുടെ ബയോമെട്രിക് രജിസ്ട്രേഷൻ വിജയകരമായി പൂർത്തിയാക്കിയതായും ഇതിന് ആഭ്യന്തര മന്ത്രാലയം 11 മെഷീനുകൾ നൽകിയതായും നായിഫ് അൽ മുതൈരി പറഞ്ഞു. എല്ലാ പൗരന്മാരോടും താമസക്കാരോടും അവരുടെ ഇടപാടുകൾക്ക് തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ സമയപരിധിക്കു മുമ്പ് ബയോമെട്രിക് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ അദ്ദേഹം അഭ്യർഥിച്ചു.
മുൻകൂട്ടി ബുക്ക് ചെയ്യണം
സഹല് ആപ്, മെത്ത പ്ലാറ്റ്ഫോം വഴിയാണ് ബയോമെട്രിക്കിന് അപേക്ഷിക്കേണ്ടത്. കേന്ദ്രങ്ങളിലെത്തുന്നതിനുമുമ്പ് മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം.
രാജ്യത്തിന്റെ അതിർത്തി ചെക്പോസ്റ്റുകൾ, വിമാനത്താവളം എന്നിവിടങ്ങളിൽ ബയോമെട്രിക് രജിസ്ട്രേഷനുള്ള സജ്ജീകരണങ്ങളുണ്ട്. അലി സബാഹ് അൽ സാലം ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്മെന്റിലും, ജഹ്റ മേഖലയിലെ ഐഡന്റിഫിക്കേഷൻ ഡിപ്പാർട്ട്മെന്റിലും പ്രവാസികൾക്കായി രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.