ഫാൽകൺ കോൺഫറൻസിൽ പങ്കാളിയായി ഡോ.സുബൈർ മേടമ്മൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര ഫാൽകണ്‍ കോൺഫറൻസിൽ പങ്കാളിയായി ഗവേഷകനും കാലിക്കറ്റ് സർവകലാശാല അധ്യാപകനുമായ ഡോ.സുബൈർ മേടമ്മൽ. ഫാൽകണ്‍ പക്ഷികളുടെ സംരക്ഷണത്തിൽ കുവൈത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ഇദ്ദേഹം പ്രഭാഷണം നടത്തി. സബ്ഹാനിലെ ഹണ്ടിങ് എക്സിബിഷൻ സെന്ററിൽ ഈ മാസം 24ന് ആരംഭിച്ച കോൺഫറൻസ് 28 വരെ തുടരും. മുപ്പതോളം രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ വലിയ ജനപങ്കാളിത്തമാണുള്ളത്.
രണ്ട് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഫാൽകണ്‍ പക്ഷികളെ കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. സുബൈര്‍ ഫാല്‍കണ്‍ പഠനത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരനാണ്.
എമിറേറ്റിസ് ഫാല്‍കണ്‍ ക്ലബ്ബില്‍ അംഗത്വമുള്ള ഏക അനറബിയുമാണ് അദ്ദേഹം. ലോക രാഷ്ട്രങ്ങളിലെ കോൺഫറൻസുകളിലും സെമിനാറുകളിലും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള ഡോ. സുബൈറിന് ഒട്ടനവധി വന്യജീവി സംഘടനകളിലും അംഗത്വം ഉണ്ട്. വിവിധ തരം ഫാൽകണുകളുടെ 15 വ്യത്യസ്ത തരം ശബ്ദം റെക്കോഡ് ചെയ്ത് സോണോഗ്രാമാക്കിയത് ഏറെ ശ്രദ്ധ നേടിയിരുന്നു.
തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയായ ഡോ. സുബൈര്‍ മേടമ്മല്‍ കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ജന്തുശാസ്ത്ര വിഭാഗത്തിലെ അധ്യാപകനും അന്തർ ദേശീയ പക്ഷി ഗവേഷണകേന്ദ്രം കോഓഡിനേറ്ററുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.