ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷൻ രേഖയും ഡിജിറ്റലാക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷൻ രേഖയും ഡിജിറ്റൽ രൂപത്തിലാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. സിവിൽ ഐ.ഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐ.ഡിയുടെ മാതൃകയിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷൻ കാർഡും മാറ്റാനാണ് ആലോചന. കുവൈത്ത് മൊബൈൽ ഐ.ഡി ആപ്ലിക്കേഷന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് സമാനരൂപത്തിൽ ഡ്രൈവിങ് ലൈസൻസും രജിസ്ട്രേഷൻ കാർഡും ഡിജിറ്റലാക്കാൻ പദ്ധതി തയാറാക്കുന്നത്.
ട്രാഫിക് രേഖകൾ സിവിൽ ഐ.ഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐ.ഡിയിൽ ചേർക്കുന്നതിനോ അല്ലെങ്കിൽ ഇവക്ക് പ്രത്യേകം ആപ്ലിക്കേഷൻ തയാറാക്കുന്നതിനോ ആണ് ആലോചന നടക്കുന്നത്. ഡ്രൈവിങ് ലൈസൻസും വാഹന രജിസ്ട്രേഷനും ഡിജിറ്റൽ രൂപത്തിലായാൽ നിലവിൽ കാർഡ് രൂപത്തിലുള്ള ഇവ കൂടെ കൊണ്ടുനടക്കുന്നത് ഒഴിവാക്കാൻ രാജ്യത്തെ വാഹന ഉപയോക്താക്കൾക്ക് സാധിക്കും.
നിയമലംഘനങ്ങൾക്കുള്ള പിഴ ഈടാക്കൽ, ഇൻഷുറൻസ് നടപടികൾ തുടങ്ങിയവ എളുപ്പമാക്കാനും ഡിജിറ്റലൈസേഷൻ സഹായകമാകും. പരമാവധി സർക്കാർ സേവനങ്ങൾ കടലാസ് രഹിതമാക്കുന്നതിെൻറ ഭാഗംകൂടിയാണ് പുതിയ നീക്കം. ഇതോടൊപ്പം ട്രാഫിക് നിയമം ലംഘിക്കുന്നവർക്ക് എസ്.എം.എസ് വഴി അറിയിപ്പ് നൽകുന്ന സംവിധാനം നടപ്പാക്കാനും പദ്ധതിയുണ്ടെന്ന് ട്രാഫിക് വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.