റെസിഡൻസി റദ്ദായ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കൽ വരുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് റെസിഡൻസി റദ്ദാക്കിയ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകളും ഇനി റദ്ദാകും. ഇത്തരത്തിലുള്ള 66,584 പ്രവാസികളുടെ സാധുവായ ലൈസൻസുകൾ റദ്ദാക്കിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പ്രവാസികളുടെ ലൈസൻസുകൾ പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ തീരുമാനപ്രകാരമാണ് നടപടി. പ്രവാസികൾക്ക് അനുവദിച്ച ലൈസൻസുകൾ പരിശോധിച്ച് രാജ്യത്തെ പുതിയ വ്യവസ്ഥകളുമായി ഒത്തുപോകുന്നില്ല എന്ന് തെളിഞ്ഞതിനു പിറകെയാണ് റദ്ദാക്കിയത്.
ഇത്തരക്കാർ വീണ്ടും കുവൈത്തിൽ എത്തിയാൽ പുതിയ ലൈസൻസ് നേടുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടിവരും. പ്രവാസികൾക്ക് ഇഷ്യൂ ചെയ്ത ഡ്രൈവിങ് ലൈസൻസുകൾ പരിശോധിക്കുന്നതിനും അവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായി സമിതി രൂപവത്കരിക്കുന്നത് സംബന്ധിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് നേരത്തേ ഉത്തരവിറക്കിയിരുന്നു.
പ്രവാസികൾക്ക് അനുവദിച്ച ഡ്രൈവിങ് ലൈസൻസുകൾ പരിശോധിച്ച് വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൽ സമിതി പ്രവർത്തനം തുടരുകയാണ്. വിഷയത്തിൽ സമിതി മറ്റു ശിപാർശകൾ മുന്നോട്ടുവെച്ചാൽ മന്ത്രിതലത്തിൽ ചർച്ചചെയ്ത് തീരുമാനങ്ങൾ പുറപ്പെടുവിക്കും.
അതേസമയം, പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ രാജ്യത്ത് കർശനമാക്കിയിട്ടുണ്ട്. രാജ്യത്ത് പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ കുറഞ്ഞത് രണ്ടു വർഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദീനാർ ശമ്പളവും ബിരുദവും അനിവാര്യമാണ്. ലൈസൻസിന് അപേക്ഷിക്കുന്ന സമയത്ത് ഉള്ള ഈ യോഗ്യതകൾ പിന്നീട് നഷ്ടപ്പെട്ടാൽ ലൈസൻസ് സറണ്ടർ ചെയ്യണം. ഇത്തരക്കാരെ പിടികൂടി ലൈസൻസ് അധികൃതർ റദ്ദാക്കുന്നുണ്ട്. ആയിരക്കണക്കിന് പ്രവാസികളുടെ ലൈസന്‍സുകളാണ് അടുത്തിടെ റദ്ദാക്കിയത്. രാജ്യത്ത് ഏകദേശം എട്ടു ലക്ഷത്തോളം ഡ്രൈവിങ് ലൈസന്‍സുകള്‍ വിദേശികളുടെ പേരിലാണ്. പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി മൂന്നു വർഷത്തിൽ നിന്ന് ഒരു വർഷത്തേക്ക് ചുരുക്കിയിട്ടുമുണ്ട്. ഇതോടെ ഓരോ വർഷവും ലൈസൻസ് പുതുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.