നിബന്ധന പാലിച്ചില്ല; കുവൈത്തിൽ 10,000ത്തിലധികം പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: ഡ്രൈവിങ് ലൈസൻസ് നിബന്ധനകൾ പുതുക്കിയതോടെ ഇതിനകം ലൈസൻസ് റദ്ദായത് 10,000ത്തിലധികം പ്രവാസികൾക്ക്. കുറഞ്ഞ ശമ്പള വ്യവസ്ഥ നിലനിർത്താനാകാത്തതാണ് ലൈസൻസ് റദ്ദാക്കപ്പെടാൻ കാരണം.
ലൈസൻസ് റദ്ദാക്കിയ പ്രവാസികളെ ഫോൺ സന്ദേശത്തിലൂടെ അറിയിക്കുകയും ലൈസൻസ് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. റദ്ദാക്കിയ ലൈസൻസുമായി വാഹനമോടിക്കുന്നവർക്കെതിരെ മുന്നറിയിപ്പും നടപടിയും ഉണ്ടാകും.
പ്രവാസികളുടെ വാഹന ഉടമസ്ഥാവകാശ നിയന്ത്രണവുമായി ബന്ധപ്പെട്ട് അടുത്ത വർഷം ആദ്യത്തിൽ പുതിയ തീരുമാനങ്ങൾ ട്രാഫിക് വിഭാഗം സ്വീകരിക്കുമെന്നും സൂചനയുണ്ട്.
ഒരു പ്രവാസി ഒന്നിലധികം വാഹനങ്ങൾ സ്വന്തമാക്കുന്നത് തടയുന്ന നിയമവും ഇതിലുണ്ടെന്ന് കുവൈത്ത് ടൈംസ് റിപ്പോർട്ടുചെയ്തു. സുപ്രീം ട്രാഫിക് കൗൺസിൽ മുമ്പ് വിഷയം ചർച്ച ചെയ്യുകയും അംഗീകാരം മാറ്റിവെക്കുകയും ചെയ്തിരുന്നു.
ഈ വർഷം ഒക്ടോബറിലാണ്, കുവൈത്തില്‍ ഡ്രൈവിങ് ലൈസൻസ് നേടിയ വിദേശികളുടെ ഫയലുകള്‍ പുനഃപരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തത്. ഉപാധികള്‍ പാലിക്കാതെ നേടിയ ലൈസന്‍സുകളും ജോലി മാറിയിട്ടും തിരിച്ചേൽപിക്കാത്ത ലൈസൻസുകളുമാണ് റദ്ദാക്കുന്നത്.
നിലവില്‍ രണ്ടു വർഷം കുവൈത്തിൽ താമസിച്ചവര്‍ക്കും, പ്രതിമാസം 600 ദിനാർ ശമ്പളവും സർവകലാശാല ബിരുദവുമുള്ളവര്‍ക്കാണ് ലൈസൻസ് അനുവദിക്കുന്നത്.
ഇത്തരത്തിൽ നേടിയ ലൈസൻസുകൾ കുറഞ്ഞ ശമ്പളമുള്ള തസ്തികയിലേക്ക് ജോലി മാറിയിട്ടും മാറ്റാത്തവർ, വീടുകളിലെ ഡ്രൈവറെന്ന പരിഗണനയിൽ നേടിയ ലൈസൻസ് മറ്റു ജോലിയിലേക്ക് മാറിയിട്ടും മാറ്റാത്തവർ തുടങ്ങിയവർക്ക് പുതിയ തീരുമാനം പ്രതികൂലമാകും.
കുവൈത്തിൽ ഏഴുലക്ഷം വിദേശികൾക്ക് ലൈസൻസുണ്ടെന്നാണ് കണക്ക്. ഇതിൽ നിയമവിധേയമല്ലാത്ത 2,47,000 ലൈസൻസ് ഉണ്ടെന്നും അവ റദ്ദാക്കുമെന്നുമാണ് സൂചനകള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.