കുവൈത്തില്‍ ഡ്രോൺ വിൽപനക്ക് നിയന്ത്രണം ഏർപ്പെടുത്തും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഡ്രോണുകളുടെ വിൽപനക്ക് ആഭ്യന്തര മന്ത്രാലയം പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്. വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് നടപ്പാക്കുന്ന വ്യവസ്ഥകൾ വൈകാതെ പ്രാബല്യത്തിലാവും.
ഇതനുസരിച്ച് ആർക്കെങ്കിലും ഡ്രോൺ വാങ്ങണമെങ്കിൽ സിവിൽ െഎഡിയുടെ പകർപ്പും വ്യക്തിഗത വിവരങ്ങളും നൽകേണ്ടിവരും. ഇതിനായി ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങൾ സംയുക്തമായി മാതൃക തയാറാക്കും. ഇറക്കുമതി ചെയ്യുന്നവർ ഡ്രോണുകളുടെ ഗുണനിലവാരം, വലുപ്പം എന്നിവ കസ്റ്റംസ് ഡിക്ലറേഷനിൽ പൂരിപ്പിച്ച് നൽകണം. സാധനം ഇൗ വിവരങ്ങൾക്ക് അനുസരിച്ചുള്ളതല്ലെങ്കിൽ കണ്ടുകെട്ടുകയും ഇറക്കുമതി ചെയ്തയാൾക്കെതിരെ കള്ളക്കടത്തിന് കേസെടുക്കുകയും ചെയ്യും. സാധാരണ ജനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഡ്രോണുകളുടെ തരം, വേഗം, ഉയരം എന്നിവ സംബന്ധിച്ചും ആഭ്യന്തര മന്ത്രാലയം പ്രത്യേക നിയന്ത്രണങ്ങൾ കൊണ്ടുവരും.
കഴിഞ്ഞയാഴ്ച ദസ്മാന്‍ കൊട്ടാരത്തിന് സമീപം അനുമതി കൂടാതെ ഡ്രോണ്‍ പറത്തിയ സ്വദേശിയെ അമീരി സെക്യൂരിറ്റി സംഘം പിടികൂടി. ഇത്തരം പശ്ചാത്തലത്തിലാണ് ഡ്രോൺ വാങ്ങുന്നതിനും ഇറക്കുമതിക്കും ഉപയോഗത്തിനും കൃത്യമായ വ്യവസ്ഥകൾ കൊണ്ടുവരാൻ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. നേരേത്ത, ഡ്രോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം നൽകിയ കത്തിെൻറ അടിസ്ഥാനത്തിൽ ഇവ കൊണ്ടുവരുന്നതിന് മന്ത്രാലയത്തിെൻറ അനുമതി നിർബന്ധമാക്കി കസ്റ്റംസ് വകുപ്പ് ഉത്തരവിറക്കിയിരുന്നു.
റഡാർ നിരീക്ഷണ സംവിധാനമുള്ള ആളില്ലാ വിമാനങ്ങളും മൊബൈൽ ഫോൺകൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന ഹെലികാമറകളും നിയന്ത്രണത്തിെൻറ പരിധിയിൽ വരും. ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി റിലേഷൻ ആൻഡ് ഇൻഫർമേഷൻ ഡയറക്ടറേറ്റ്, സിവിൽ ഏവിയേഷൻ ഡിപ്പാർട്മെൻറ് എന്നിവിടങ്ങളിൽനിന്നുള്ള മുൻകൂർ അനുമതിയില്ലാത്ത സാഹചര്യത്തിൽ ഡ്രോണുകൾ വിട്ടുനൽകേണ്ടതില്ലെന്നാണ് കസ്റ്റംസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.