വന്‍ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് ഒന്നര കോടി ദിനാറിന്റെ മയക്കുമരുന്ന്
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വന്‍ മയക്കുമരുന്ന് വേട്ട. ഒന്നരകോടി ദിനാറിന്റെ മയക്കുമരുന്നുകൾ പിടികൂടി. നാലു പേരെ അറസ്റ്റ് ചെയ്തു. ഒന്നരകോടി ടാബ്ലെറ്റുകളും 50 കിലോ മയക്കുമരുന്ന് അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ മേൽനോട്ടത്തിൽ ലഹരി സംഭരണ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിലാണ് നാല് പേര് ഉള്‍പ്പെടുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്. 15 ദശലക്ഷം ടാബ്ലെറ്റുകളും, ഹഷിീഷും, ക്രിസ്റ്റല്‍ മേത്തും അടക്കമുള്ള മാരക ലഹരി വസ്തുക്കളും ടാബ്ലെറ്റ് കംപ്രഷൻ, നിർമാണ ഉപകരണങ്ങളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. ഇവക്ക് ഏകദേശം 15 മില്യൺ ദിനാർ വില വരുമെന്ന് കണക്കുകൂട്ടുന്നു.
അറസ്റ്റ് ചെയ്ത പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. മയക്കുമരുന്ന് ഉള്‍പ്പടെയുള്ള അനധികൃതവസ്തുക്കളുടെ വില്പന, കടത്ത് എന്നിവ തടയാന്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് കുവൈത്ത് നടത്തിവരുന്നത്. ആകാശ, കര, കടല്‍ മാര്‍ഗങ്ങളിലൂടെയുള്ള മയക്കുമരുന്നുലോബിയുടെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികളാണ് രാജ്യത്ത് നടന്നുവരുന്നത്. കർശന പരിശോധനകൾ ആരംഭിച്ചതോടെ അടുത്തിടെയായി വൻ തോതിൽ മയക്കുമരുന്നുകൾ പിടിച്ചെടുക്കുന്നുണ്ട്.
പ്രതികൾക്ക് കനത്ത ശിക്ഷകളും നൽകിവരുന്നുണ്ട്. മയക്കുമരുന്ന് കടത്തുകാർക്കെതിരായ പോരാട്ടത്തിൽ രാജ്യം തികഞ്ഞ ജാഗ്രതയിലാണെന്ന് ആഭ്യന്തര മന്ത്രി ശൈഖ് തലാൽ ഖാലിദ് വ്യക്തമാക്കി. റെയ്ഡില്‍ പങ്കെടുത്തവരെ ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.