മയക്കുമരുന്ന്: പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത് -ആരോഗ്യമന്ത്രി
text_fieldsകുവൈത്ത് സിറ്റി: മയക്കുമരുന്ന് വിഷയത്തിൽ പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലതെന്ന് ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സഈദ്. ഇസ്‍ലാമിക് ഓർഗനൈസേഷൻ ഫോർ മെഡിക്കൽ സയൻസസ് (ഐ.ഒ.എം.എസ്) നടത്തുന്ന മരുന്നുകൾക്കെതിരായ പോരാട്ടത്തിൽ ഇസ്‍ലാമിക് മെഡിസിൻ സംബന്ധിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആരോഗ്യമന്ത്രി. ലഹരി ഉപയോഗം സമൂഹത്തിൽ വ്യാപകമായ സാഹചര്യത്തിൽ സിമ്പോസിയത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ശരിയായ സമയത്താണ് ഇത് സംഘടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരിക്കെതിരായ അഭ്യന്തര മന്ത്രാലയത്തിന്റെ നിരന്തര പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയ മന്ത്രി, ആരോഗ്യ മന്ത്രാലയം ഈ പ്രശ്നം സൂക്ഷ്മമായി പഠിച്ചു കേസുകൾ കൈകാര്യം ചെയ്യാനും യുവാക്കൾക്കും മുതിർന്നവർക്കും ഇടയിൽ അവബോധം പകരാൻ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി. ഇസ്‍ലാമിക് ഓർഗനൈസേഷൻ ഫോർ മെഡിക്കൽ സയൻസസ് പ്രവർത്തനത്തെ അഭിനന്ദിച്ച മന്ത്രി, ലഹരി ഉപയോഗം കുറക്കുന്നതിൽ മതപരമായ കാഴ്ചപ്പാടിന്റെ പ്രാധാന്യവും സൂചിപ്പിച്ചു.
മയക്കുമരുന്ന് ചെറുക്കുന്നതിന് അന്താരാഷ്ട്ര പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുന്നതിലും വിവിധ സംഘടനകളെ ഏകോപിപ്പിക്കുന്നതിലുമുള്ള പങ്ക് ഐ.ഒ.എം.എസ് മേധാവി ഡോ. ഖാലിദ് അൽ ജറല്ല ചൂണ്ടികാട്ടി. വിഷയത്തിൽ ഇസ്‍ലാമിക ഫോറങ്ങളുടെ നിർണായക പങ്കിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിന് മുൻഗണന നൽകുന്നതിനായി ഇസ്‍ലാമിക രാജ്യങ്ങളുടെയും അറബ്, ഗൾഫ് സംഘടനകളുടെയും തലവന്മാരെ അഭിസംബോധന ചെയ്യുമെന്നും ചൂണ്ടിക്കാട്ടി. ലഹരിക്കെതിരെ രാജ്യത്തെ മന്ത്രാലയങ്ങളും പ്രാദേശിക സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നതായും ഇതിൽ സുരക്ഷ ഉദ്യോഗസ്ഥർ വലിയ പങ്കു വഹിക്കുന്നതായും പറഞ്ഞ അദ്ദേഹം ലഹരിയെ നേരിടാൻ കർശനമായ നിയമനിർമാണം നടത്താൻ ദേശീയ അസംബ്ലിയോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.