പൊടിക്കാറ്റ്: പ്രതിവർഷം 19 കോടി ദീനാറിന്റെ നഷ്ടമെന്ന് റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പൊടിക്കാറ്റ് മൂലം പ്രതിവർഷം 19 കോടി ദീനാറിന്റെ നഷ്ടം ഉണ്ടാകുന്നതായി റിപ്പോർട്ട്. പൊടിക്കാറ്റ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വലുതാണെന്നാണ് കുവൈത്ത് ഫണ്ട് ഫോർ ഡെവലപ്മെന്റ് പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറയുന്നു. ഭൂമിശാസ്ത്രപരമായ സ്ഥാനവും പ്രകൃതവും കാലാവസ്ഥയിലെ സവിശേഷതകളുമാണ് മണൽക്കാറ്റിന് കാരണമാകുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വർഷത്തിൽ 90 ദിവസമെങ്കിലും രാജ്യത്ത് മണൽക്കാറ്റോ പൊടിയോടു കൂടിയ കാലാവസ്ഥയോ അനുഭവപ്പെടുന്നുണ്ട്.
മണ്ണിന്റെയും സസ്യജാലങ്ങളുടെയും സവിശേഷതയും ഭൂവിനോയോഗ രീതികളും പൊടിക്കാറ്റ് വർധിക്കാൻ കാരണമാകുന്നുണ്ട്. പൊടിക്കാറ്റ് പൊതുജനാരോഗ്യത്തെ ബാധിക്കുകയും നിരവധി അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. ചികിത്സ ചെലവ് ഉൾപ്പെടെ പ്രതിവർഷം 190 ദശലക്ഷം ദീനാറാണ് ഇതു മൂലം ഖജനാവിൽ നിന്നും നഷ്ടമാകുന്നത്. രാജ്യത്തെത്തുന്ന മണൽക്കാറ്റിന്റെ 40 ശതമാനം അയൽരാജ്യമായ ഇറാഖിൽനിന്ന് ഉദ്ഭവിക്കുന്നതാണ്. ഇത് തടയാനായി ഐക്യരാഷ്ട്ര സഭയുടെ പങ്കാളിത്തത്തോടെ പ്രത്യേക പദ്ധതി ആലോചിക്കുന്നുണ്ട്.
കുവൈത്തിലെ പൊടിക്കാറ്റിന് കാരണമാകുന്ന ഇറാഖിലെ തരിശുനിലങ്ങൾ കാർഷിക മേഖലയാക്കി പരിവർത്തിപ്പിക്കുക എന്നതാണ് പദ്ധതി. 2026നുള്ളിൽ പദ്ധതി പ്രായോഗികതത്വത്തിൽ എത്തിക്കാനാകുമെന്നാണ് കരുതപ്പെടുന്നതെന്നും കുവൈത്ത് വികസന ഫണ്ടിന്റെ പഠന റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.