ഭൂകമ്പം; തുർക്കിയയിലേക്ക് കൂടുതൽ ദുരിതാശ്വാസ സഹായം അയച്ചു
text_fieldsകുവൈത്ത് സിറ്റി: ഭൂകമ്പത്തെത്തുടർന്ന് വലിയ പ്രയാസം നേരിടുന്ന തുർക്കിയയിലേക്ക് കുവൈത്ത് കൂടുതൽ ദുരിതാശ്വാസ സഹായം അയച്ചു. 80 ടൺ മെഡിക്കൽ, ഭക്ഷ്യ വിതരണങ്ങളുമായി രണ്ട് സൈനിക വിമാനം കൂടി കഴിഞ്ഞദിവസം അയച്ചു. തുർക്കിയയിലെ ഭൂകമ്പ ബാധിതരായ ജനങ്ങൾക്ക് മാനുഷിക സഹായവും ദുരിതാശ്വാസ സഹായവും എത്തിക്കാനുള്ള അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശപ്രകാരമാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സംഭവ ദിവസം തന്നെ തുർക്കിയയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകരും എട്ട് ടൺ ദുരിതാശ്വാസ സാമഗ്രികളുമായി കുവൈത്ത് വിമാനം അയച്ചിരുന്നു. സൈന്യം, പ്രതിരോധ, വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങൾ, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, ചാരിറ്റി സംഘടനകൾ എന്നിവയുടെ സഹകരണത്തിലും ഏകോപനത്തിലുമാണ് ദുരിതാശ്വാസ സഹായം അയച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
ഫയർഫോഴ്സ് സംഘം തിരച്ചിലും രക്ഷാപ്രവർത്തനവും തുടങ്ങി
കുവൈത്ത് സിറ്റി: തുർക്കിയയിലെ ഭൂകമ്പ ബാധിത പ്രദേശങ്ങളിൽ തങ്ങളുടെ സംഘം തിരച്ചിൽ, രക്ഷാപ്രവർത്തനം ആരംഭിച്ചതായി കുവൈത്ത് ഫയർഫോഴ്സ് കേണൽ അയ്മൻ അൽ മുഫാറെ പറഞ്ഞു. ഭൂകമ്പം സാരമായി ബാധിച്ച പ്രദേശങ്ങളിലൊന്നായ ഇസ്ലാഹിയ മേഖലയിലാണ് കുവൈത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതെന്നും കുവൈത്ത് ഫയർ ഫോഴ്സ് പ്രതിനിധി സംഘത്തിന്റെ തലവൻ കൂടിയായ അൽ മുഫാറെ അറിയിച്ചു.
കുവൈത്ത് സെർച് ആൻഡ് റെസ്ക്യൂ ടീമിൽ 40 രക്ഷാപ്രവർത്തകർ, മൂന്ന് മെഡിക്കൽ പ്രതിനിധികൾ, ഇൻഫർമേഷൻ മന്ത്രാലയത്തിൽനിന്നുള്ള ഒരു റിപ്പോർട്ടർ, ഫോട്ടോഗ്രാഫർ എന്നിവർ ഉൾപ്പെടെ 45 അംഗങ്ങളാണുള്ളത്. എട്ടുനിലയുള്ള കെട്ടിടങ്ങളിലൊന്നിലാണ് കുവൈത്ത് സെർച് ആൻഡ് റെസ്ക്യൂ ടീം തിരച്ചിൽ ആരംഭിച്ചത്. കെട്ടിടത്തിൽ 60 പേർ അവശിഷ്ടങ്ങൾക്കടിയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ആളുകൾ ജീവനോടെ ഉണ്ടോ എന്നതിന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. തകർന്ന മേൽക്കൂരകളും ചുമരും മറികടന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നത് പ്രയാസകരമാണ്. എന്നാൽ, അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ പേരെയും പുറത്തെടുക്കുന്നതുവരെ തിരച്ചിൽ നിർത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരന്മാരുടെ ക്ഷേമത്തിന് മുൻഗണന
കുവൈത്ത് സിറ്റി: തുർക്കിയയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ പ്രയാസപ്പെടുന്ന കുവൈത്ത് പൗരന്മാരുടെ ക്ഷേമത്തിന് പ്രഥമ പരിഗണന നൽകുന്നതായി വിദേശകാര്യ മന്ത്രി ശൈഖ് സലീം അസ്സബാഹ്. ദുരന്തത്തിൽ രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള പ്രതികരണം സൂചിപ്പിച്ച വിദേശകാര്യമന്ത്രി, ഇരുരാജ്യങ്ങൾക്കും അടിയന്തര സഹായം എത്തിക്കാൻ ഉത്തരവിട്ട അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഇടപെടലും ഉണർത്തി. തുർക്കിയക്ക് എല്ലാ പിന്തുണയുമായി കുവൈത്ത് ഉണ്ടെന്നും വേദനജനകമായ ഈ ദുരന്തത്തിൽനിന്ന് എളുപ്പത്തിൽ കരകയറുമെന്ന് പ്രതീക്ഷിക്കുന്നതായും ശൈഖ് സലീം കൂട്ടിച്ചേർത്തു.
കുവൈത്തിന് ഉർദുഗാന്റെ അഭിനന്ദനം
കുവൈത്ത് സിറ്റി: തുർക്കിയക്കായി കുവൈത്ത് നൽകിയ സംഭാവനകളെയും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളിൽ നൽകുന്ന പിന്തുണയെയും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രശംസിച്ചു. ഖത്തർ, സൗദി എന്നീ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകരുടെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
അമീരി ദിവാൻകാര്യ മന്ത്രി തുർക്കിയ എംബസി സന്ദർശിച്ചു
കുവൈത്ത് സിറ്റി: അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അസ്സബാഹ് രാജ്യത്തെ തുർക്കിയ എംബസി സന്ദർശിച്ചു. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, കുവൈത്ത് സർക്കാർ, ജനങ്ങൾ എന്നിവരുടെ അനുശോചനം അദ്ദേഹം അറിയിച്ചു. കുവൈത്തിലെ തുർക്കിയ അംബാസഡറും എംബസി ഉദ്യോഗസ്ഥരും അമീരി ദിവാൻ കാര്യ മന്ത്രിയെ സ്വീകരിച്ചു. ദുരന്തത്തിൽ അഗാധ ദുഃഖം പ്രകടിപ്പിച്ച മന്ത്രി അത് എംബസിയിലെ അനുശോചന ലെഡ്ജറിൽ രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.