ഭൂകമ്പ ദുരിതാശ്വാസം; കുവൈത്തിന് നന്ദി അറിയിച്ച് തുർക്കിയ
text_fieldsകുവൈത്ത് സിറ്റി: ഭൂകമ്പത്തിൽ വൻ നാശനഷ്ടം നേരിട്ട സമയത്ത് ക്രിയാത്മകമായി ഇടപെടുകയും സഹായം എത്തിക്കുകയും ചെയ്ത കുവൈത്തിന് നന്ദി പറഞ്ഞ് തുർക്കിയ. സഹായത്തിന് നന്ദി അറിയിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹിന്, തുർക്കിയ വിദേശകാര്യ മന്ത്രി മെവ്ലുട്ട് കാവുസോഗ്ലു രേഖാമൂലമുള്ള സന്ദേശം അയച്ചു.
തന്റെ ആത്മാർഥമായ നന്ദി അറിയിച്ച മെവ്ലൂത് ദാരുണമായ ദുരന്തത്തിന് പിറകെ കുവൈത്ത് ഭരണകൂടത്തിന്റെ അടിയന്തര ഇടപെടൽ പ്രത്യേകം എടുത്തുപറഞ്ഞു. കുവൈത്ത് സർക്കാറും ജനങ്ങളും സന്നദ്ധ സംഘടനകളും ഭൂകമ്പംമൂലം ദുരിതമനുഭവിക്കുന്നവർക്കുള്ള ദുരിതാശ്വാസ സഹായവും പിന്തുണയും നൽകിയതായും അദ്ദേഹം വ്യക്തമാക്കി. ഭൂകമ്പത്തിന്റെ ഇരകൾക്ക് അത്യാവശ്യമായതും പ്രാഥമികവുമായ സാധനങ്ങളും സുരക്ഷയും ഇതുവഴി ലഭിച്ചു.
ഇതിനായി കുവൈത്ത് ഭരണകൂടം ഔദ്യോഗികതലത്തിലും സിവിൽ തലത്തിലും നടത്തിയ ശ്രമങ്ങൾ മഹത്തായതാണെന്നും ചൂണ്ടിക്കാട്ടി. ദുരിതമനുഭവിക്കുന്നവരെയും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിപ്പോയവരെയും രക്ഷിക്കുന്നതിൽ വലിയ പങ്കുവഹിച്ച കുവൈത്ത് രക്ഷാപ്രവർത്തന, എമർജൻസി ടീമുകളുടെ പരിശ്രമങ്ങളെ അദ്ദേഹം പരാമർശിച്ചു. തുർക്കിയ ജനത ഈ ഐക്യദാർഢ്യം മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.