തുർക്കിയ-സിറിയ ഭൂകമ്പം: ആശ്വാസവുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഭൂചലനത്തെ തുടർന്ന് തകർന്ന തുർക്കിയ, സിറിയ രാജ്യങ്ങൾക്ക് ആശ്വാസവുമായി കുവൈത്ത്. ഇരു രാജ്യങ്ങളിലേക്കും അടിയന്തര സഹായം എത്തിക്കാൻ കുവൈത്ത് ഭരണനേതൃത്വം നിർദേശം നൽകി. അപകടസ്ഥലങ്ങളിൽ കഴിയുന്ന കുവൈത്ത് പൗരൻമാരെ തിരിച്ചെത്തിക്കാനും പ്രത്യേക ഇടപെടൽ നടത്തും.
തുർക്കിയയിലേക്ക് അടിയന്തര സഹായവും മെഡിക്കൽ ഉദ്യോഗസ്ഥരുമായി പ്രത്യേക വിമാനങ്ങൾ അയക്കാൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നിർദേശിച്ചു. വിദേശകാര്യ മന്ത്രാലയം, ഫയർ ഡിപ്പാർട്മെന്റ്, കുവൈത്ത് റെഡ് ക്രസന്റ്, ആരോഗ്യമന്ത്രാലയം, കുവൈത്ത് ആർമി എന്നിവയിൽനിന്നുള്ള സംഘങ്ങൾ ഇതിൽ പങ്കാളികളാകും. തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തര സഹായം നൽകുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് അറിയിച്ചു. മറ്റു ചാരിറ്റി സംഘടനകളും സഹായവുമായി രംഗത്തുണ്ട്.
ഇരു രാജ്യങ്ങളിലെയും സ്ഥിതിഗതികൾ കുവൈത്ത് വിദേശകാര്യ മന്ത്രാലയം നിരീക്ഷിച്ചുവരുകയാണ്. രണ്ടിടത്തും അകപ്പെട്ട കുവൈത്ത് പൗരന്മാരെ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം അയക്കും. തുർക്കിയയിൽ കഴിയുന്ന കുവൈത്തികളോട് ജാഗ്രത പാലിക്കാനും നിർദേശങ്ങൾ ശ്രദ്ധിക്കാനും തുർക്കിയയിലെ കുവൈത്ത് എംബസി അഭ്യർഥിച്ചു. ആവശ്യമെങ്കിൽ എംബസിയുമായോ ഇസ്തംബൂളിലെ കോൺസുലേറ്റ് ജനറലുമായോ ബന്ധപ്പെടാനും എംബസി അറിയിച്ചു. സിറിയയിലെ പ്രവർത്തനവും എംബസി വഴി ഏകോപിപ്പിച്ചുവരുകയാണ്.
അതേസമയം, കുവൈത്തിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നും കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച് സെന്റര്‍ അറിയിച്ചു. തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തെ തുടര്‍ന്ന് കുവൈത്തിലും ഭൂചലനമുണ്ടായെന്ന വാര്‍ത്തയെ തുടര്‍ന്നാണ് അധികൃതരുടെ വിശദീകരണം. ഭൂകമ്പങ്ങൾ നിരീക്ഷിക്കുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങൾ രാജ്യത്ത് നിലവിലുണ്ടെന്ന് സയന്റിഫിക് റിസർച് സെന്റര്‍ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ അൻസി പറഞ്ഞു.
കുവൈത്ത് അനുശോചിച്ചു
കുവൈത്ത് സിറ്റി: തുർക്കിയയിലും സിറിയയിലും ഭൂചലനത്തിൽ നിരവധി പേർ മരിക്കുകയും അപകടം പറ്റുകയും ചെയ്ത സംഭവത്തിൽ കുവൈത്ത് അനുശോചിച്ചു. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന് സന്ദേശമയച്ചു.
തുർക്കി പ്രസിഡന്റിനെയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെയും അനുശോചനം അറിയിച്ച അമീർ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വ്യക്തമാക്കി. മരണത്തിനും നാശനഷ്ടങ്ങൾക്കും കാരണമായ ഭൂചലനത്തിൽ ദുഃഖം രേഖപ്പെടുത്തിയ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് തുർക്കി പ്രസിഡന്റിന് അനുശോചന സന്ദേശം അയച്ചു. മരിച്ചവരുടെ കുടുംബത്തെ ആശ്വസിപ്പിച്ച കിരീടാവകാശി പരിക്കേറ്റവർക്ക് എളുപ്പത്തിൽ ആശ്വാസം ലഭിക്കട്ടെയെന്നും അറിയിച്ചു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹും തുർക്കിയയോട് ഐക്യദാർഢ്യം അറിയിച്ചു. സംഭവത്തിൽ ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂനും അനുശോചിച്ചു.
സിറിയയിലും തെക്കൻ തുർക്കിയയിലും ഉണ്ടായ ഭൂകമ്പങ്ങളിൽ വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അസ്സബാഹ് ആശങ്ക പ്രകടിപ്പിച്ചു. ദുരിതബാധിതരായ കുടുംബങ്ങളോടുള്ള കുവൈത്തിന്റെ ദുഃഖം പങ്കുവെച്ച ശൈഖ് സലീം, രക്ഷാപ്രവർത്തനങ്ങൾ വിജയത്തിലെത്തട്ടെ എന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.