പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ
text_fieldsകുവൈത്ത് സിറ്റി: ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുക്രിസ്തു മൂന്നാം നാള് ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓർമയിൽ കുവൈത്തിലെ ക്രിസ്തീയ സമൂഹം ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കും.
ക്രിസ്ത്യൻ കലണ്ടർ പ്രകാരം രാത്രിയോടെയാണ് ദിവസം ആരംഭിക്കുന്നത് എന്നതിനാൽ ശനിയാഴ്ച വൈകീട്ട് മുതൽ ഈസ്റ്റർ ദിനമായി കണക്കാക്കുന്നുണ്ട്. എന്നാൽ, ഞായറാഴ്ച പകലാണ് മറ്റ് ആഘോഷങ്ങൾ നടക്കുക.
യേശുക്രിസ്തുവിന്റെ ഉയിര്ത്തെഴുന്നേൽപിനെ അനുസ്മരിച്ച് ക്രിസ്തീയ ദേവാലയങ്ങളിൽ ശനിയാഴ്ച പ്രത്യേക പ്രാർഥനകൾ നടന്നു. വിവിധ ഇടവകകളുടെയും ആത്മീയ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന ശുശ്രൂഷകളിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചർച്ചുകളിലും താൽക്കാലിക ദേവാലയങ്ങളിലും പ്രത്യേക പ്രാർഥനകൾ നടന്നു. ശനിയാഴ്ച വൈകീട്ട് തുടങ്ങിയ ഉയിർപ്പ് ശുശ്രൂഷകൾ രാത്രിയും നീണ്ടു. ഉയിർപ്പ് ശുശ്രൂഷകൾക്കും പാതിരാ കുർബാനക്കും നിരവധി വിശ്വാസികളാണ് പള്ളികളിൽ എത്തിയത്.
യേശുവിനെ ജനക്കൂട്ടം ജറൂസലമിലേക്ക് വരവേറ്റതിന്റെ ഓര്മ പുതുക്കുന്ന ഓശാനയോടെ തുടക്കമായ വിശുദ്ധ വാരാചരണത്തിന് അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങൾ കടന്ന് യേശുവിന്റെ ഉയിർത്തെഴുന്നേൽപിന്റെ ഓർമ പുതുക്കുന്ന ഈസ്റ്ററോടെ സമാപനമായി. 50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികൾ ഉയിർപ്പു തിരുനാളിനെ വരവേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.