ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ
text_fieldsകുവൈത്ത് സിറ്റി: ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജലമായ ജീവിതത്തിന്റെ സ്മരണ പുതുക്കി മുസ്ലിംകൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. രാവിലെ 5.05നാണ് പെരുന്നാൾ നമസ്കാരം. സ്വദേശികളും വിദേശികളുമുൾപ്പെടെ രാജ്യനിവാസികൾ ബലിപെരുന്നാൾ ആഘോഷത്തിന്റെ ആഹ്ലാദത്തിലാണ്. ഹജ്ജ് കർമങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ശനിയാഴ്ച അറഫ നോമ്പ് പൂർത്തിയാക്കിയാണ് വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്നത്. പെരുന്നാളിന് സംഘടിത ബലികർമത്തിന് ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്. ചില മലയാളി സംഘടനകൾ പണം സ്വരൂപിച്ച് കേരളത്തിലും ഉത്തരേന്ത്യയിലും ബലികർമം നടത്താൻ അയച്ചുകൊടുത്തിട്ടുണ്ട്. ഈദ്ഗാഹുകളും മലയാളി സംഘടനകൾ ഒരുക്കിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് അനുഭവപ്പെടുന്ന കനത്ത ചൂട് ആഘോഷങ്ങളുടെ മാറ്റ് കുറക്കും. സ്കൂൾ അവധിക്കാലം ആയതിനാൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളിൽ ഒരുവിഭാഗം കുടുംബങ്ങൾ നാട്ടിലാണ്. ഇവർ തിങ്കളാഴ്ച നാട്ടിൽ പെരുന്നാൾ ആഘോഷിക്കും. ബുധനാഴ്ച മൻഗഫിലുണ്ടായ തീപിടിത്ത ദുരന്തത്തിന്റെ വേദനയിലാണ് കുവൈത്തിലെ മലയാളികൾ പെരുന്നാളിനെ വരവേൽക്കുന്നത്.
കെ.ഐ.ജി ഈദ് ഗാഹുകളും പെരുന്നാൾ നമസ്കാരവും
കുവൈത്ത് സിറ്റി: കെ.ഐ.ജി വിവിധ ഭാഗങ്ങളിലുള്ള പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം സംഘടിപ്പിക്കും. ഫഹാഹീൽ ഗാർഡൻ ടർഫിൽ സക്കീർ ഹുസൈൻ തുവ്വൂർ, സാൽമിയ ഗാഡനിൽ മുഹമ്മദ് ഷിബിലി, അർദിയ മസ്ജിദിൽ ഡോ. അലിഫ് ഷുക്കൂർ, മെഹബൂല മസ്ജിദിൽ നിയാസ് ഇസ്ലാഹി, റിഗ്ഗഈ മസ്ജിദിൽ ബഷീർ ദാവൂദ് എന്നിവർ പെരുന്നാൾ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കും. രാവിലെ 5.03നാണ് നമസ്കാരം. സ്ത്രീകൾക്ക് ഈദ് ഗാഹിലും പള്ളികളിലും പ്രത്യേക സൗകര്യമുണ്ടാകും.
അമീർ ആശംസകൾ നേർന്നു
കുവൈത്ത് സിറ്റി: പൗരൻമാർക്കും പ്രവാസികൾക്കും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബലിപെരുന്നാൾ ആശംസകൾ നേർന്നു. കുവൈത്തിനെയും ജനങ്ങളെയും എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കാനും രാജ്യത്തിന് സുരക്ഷിതത്വം നൽകാനും അമീർ പ്രാർഥിച്ചു. അറബ്, മുസ്ലിം രാജ്യങ്ങൾക്കും ജനങ്ങൾക്കും അമീർ പെരുന്നാൾ ആശംസകൾ നേർന്നു.
കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ബലിപെരുന്നാൾ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.