വലിയ സന്തോഷത്തിന്റെ; ബലി പെരുന്നാൾ
text_fieldsകുവൈത്ത് സിറ്റി: ആത്മീയവും ആഹ്ലാദകരവുമായ അന്തരീക്ഷത്തിൽ രാജ്യത്തെ ഇസ്ലാം മത വിശ്വാസികൾ ഞായറാഴ്ച ബലിപെരുന്നാൾ ആഘോഷിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടന്ന ഈദ് ഗാഹുകള്‍, പള്ളികൾ എന്നിവിടങ്ങളിൽ വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിന് ഒത്തുകൂടി. പുലർച്ചെ പള്ളികളിലും ഈദ്ഗാഹുകളിലുമെത്തിയ വിശ്വാസികൾ തക്ബീർ ധ്വനികളോടെ പെരുന്നാളിനെ വരവേറ്റു.
ത്യാഗപൂർണമായ ജീവിതത്തിലൂടെ വിശ്വാസത്തിന്റെ തീവ്രത തെളിയിച്ച ഇബ്റാഹീം പ്രവാചകന്റെയും കുടുംബത്തിന്റെയും സ്മരണകൾ പുതുക്കിയ ഖത്തീബുമാർ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സന്ദേശം ഉണർത്തി. ജീവിത വിശുദ്ധി മുറുകെപ്പിടിക്കാനും സമാധാനത്തിന്റെ പ്രചാരകരാവാനും ആഹ്വാനം ചെയ്തു.
ആറു ഗവർണറേറ്റുകളിലായി തിരഞ്ഞെടുക്കപ്പെട്ട പള്ളികളിലും 54 ഈദ് ഗാഹുകളിലുമാണ് പെരുന്നാൾ നമസ്കാരം നടന്നത്. രാവിലെ 5.03നായിരുന്നു നമസ്കാരം. സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികളാണ് ഓരോ കേന്ദ്രത്തിലും പ്രാർഥനക്കായി എത്തിയത്. പ്രാർഥനകൾക്കു ശേഷം വിശ്വാസികൾ പരസ്പരം ആശംസകൾ അറിയിച്ചും മധുരം കൈമാറിയും ആഹ്ലാദം പങ്കുവെച്ചു. പെരുന്നാൾ നമസ്കാരത്തിന് പിറകെ ബലികർമത്തിനും തുടക്കമായി.
കെ.ഐ.ജി
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്തിലെ വിവിധ ഭാഗങ്ങളിലുള്ള പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം സംഘടിപ്പിച്ചു. ഫഹാഹീൽ ഗാർഡൻ ടർഫിൽ സക്കീർ ഹുസൈൻ തുവ്വൂർ, സാൽമിയ ഗാർഡനിൽ മുഹമ്മദ് ഷിബിലി, അർദിയ മസ്ജിദിൽ ഡോ.അലിഫ് ഷുക്കൂർ, മെഹബൂല മസ്ജിദിൽ നിയാസ് ഇസ്ലാഹി, റിഗ്ഗഈ മസ്ജിദിൽ ബഷീർ ദാവൂദ് എന്നിവർ പെരുന്നാൾ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്കി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ നമസ്കാരത്തിനെത്തി.
ഇന്ത്യൻ ഇസ് ലാഹി സെന്റർ
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഇസ് ലാഹി സെന്റർ മംഗഫ് ബീച്ച് ഏരിയയിൽ നടന്ന ഈദ് നമസ്കാരത്തിന് സെന്റർ സെക്രട്ടറി ആദിൽ സലഫി നേതൃത്വം നൽകി. ഇബ്രാഹിം നബിയിൽ നിന്നും മാതൃക ഉൾക്കൊള്ളാനും ധാരാളമായി ദൈവ പ്രകീർത്തനങ്ങൾ നടത്താനും അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. സാഹോദര്യ ബന്ധങ്ങളുടെ കണ്ണി ചേർക്കാനും സാമൂഹിക ബന്ധങ്ങൾ കാത്തു സൂക്ഷിക്കാനും അദ്ദേഹം ഉണർത്തി.
മലയാളികൾക്ക് ആഘോഷമില്ലാത്ത പെരുന്നാൾ
കുവൈത്ത് സിറ്റി: മംഗഫിലെ തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലയാളി സംഘടനകള്‍ക്ക് ആഘോഷമില്ലാത്ത പെരുന്നാളായി ഇത്തവണത്തേത്. പൊതു പരിപാടികള്‍ എല്ലാ സംഘടനകളും ഒഴിവാക്കി. തീപിടിത്തത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും വേണ്ടി പ്രാർഥനകൾ നടന്നു. മലയാളി സംഘടനകൾ പെരുന്നാൾ അവധി ദിനം അനുശോചന യോഗങ്ങൾക്കായും മാറ്റിവെച്ചു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിക്കാനും ആശുപത്രി വിട്ടവരുടെ ക്ഷേമങ്ങൾ അന്വേഷിക്കാനും മലയാളികൾ പെരുന്നാൾ ദിനം ഉപയോഗപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.