പെരുന്നാൾ അവധി: കുവൈത്തിലെ ഉല്ലാസകേന്ദ്രങ്ങൾക്ക് കൊയ്ത്തുകാലം
text_fieldsകുവൈത്ത് സിറ്റി: പെരുന്നാൾ അവധി കുവൈത്തിലെ ഉല്ലാസകേന്ദ്രങ്ങൾക്ക് കൊയ്ത്തുകാലം. വിദേശയാത്ര പതിവായിരുന്ന കുവൈത്തികൾ ഇവിടുത്തെ ഉല്ലാസകേന്ദ്രങ്ങളിലാണ് ഇത്തവണ അവധി ആഘോഷിക്കുന്നത്. ദീർഘനാൾ അടച്ചിടേണ്ടി വന്നതുമൂലമുള്ള നഷ്ടം നികത്തപ്പെടുമെന്നാണ് പ്രതീക്ഷ. ഡിമാൻഡ് വർധിച്ചതിനൊപ്പം റിസോർട്ടുകൾ വാടകയും കൂട്ടിയിട്ടുണ്ട്.
ചിലയിടത്തെല്ലാം ഇതിനകം ബുക്കിങ് പൂർണമായിട്ടുണ്ട്. പൊതു അവധി ദിവസങ്ങളുടെ തൊട്ടുമുമ്പും ശേഷവുമുള്ള വാരാന്ത അവധികൂടി ചേർത്താൽ ഇത്തവണ ഒമ്പത് ദിവസം അടുപ്പിച്ച് ഒഴിവുദിവസം ലഭിക്കുന്നു. കുവൈത്തികൾ കുടുംബസമേതം അവധി ആഘോഷിക്കാനെത്തുന്നു. യാത്രാനിയന്ത്രണങ്ങൾ കാരണം വിദേശികൾക്ക് നാട്ടിൽ പോയി വരാനും വകുപ്പില്ല. ആഡംബര റിസോർട്ടുകളിൽ അവധി ആഘോഷിക്കാൻ വിദേശികൾ കാര്യമായി മുന്നോട്ടുവരില്ല.
350 മുതൽ 500 ദീനാർ വരെയാണ് ഒരു ദിവസത്തെ വാടക. പെരുന്നാളിന് ശേഷമുള്ള അഞ്ചുദിവസങ്ങൾ ഇത് 1500 ദീനാർ വരെയാകും. ഇൗദ് അവധി ആഘോഷത്തിനായി 55,000 കുവൈത്തികൾ രാജ്യത്തിന് പുറത്തേക്ക് പോകുന്നതായി ട്രാവൽ ആൻഡ് ടൂറിസം യൂനിയൻ വ്യക്തമാക്കുന്നു. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവാണ്. കോവിഡ് തന്നെയാണ് കാരണം. തുർക്കി, മാലദ്വീപ്, ജോർജിയ, ബോസ്നിയ, അസർബൈജാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതൽ പേർ പോകാൻ താൽപര്യപ്പെടുന്നത്. വിദേശികളുടെ പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാൽ അവർക്ക് ഇപ്പോൾ പുറത്തുപോയി വരാൻ കഴിയില്ല. കുവൈത്തിൽനിന്ന് പോകുന്നതിന് തടസ്സമില്ല. തിരിച്ചുവരവ് സാധ്യമാകണമെങ്കിൽ ആഗസ്റ്റ് ഒന്നു വരെയെങ്കിലും കാത്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.