കൂടു വേണം, നാടണയണം...
text_fieldsകുവൈത്ത് സിറ്റി: ഇനി വയ്യ, എന്തായാലും നാട്ടിൽ പോകണം. ആരും സ്വീകരിച്ചില്ലെങ്കിലും കുഴപ്പമില്ല. ഏതെങ്കിലും അനാഥാലയത്തിലെങ്കിലും കഴിയാല്ലോ...ദുർബലമായ ശബ്ദത്തിൽ ഇത്രയും പറഞ്ഞ് നിറഞ്ഞ കണ്ണുകളോടെ അവർ മുഖം കുനിച്ചു. കട്ടിൽ വിരിയിൽ വെറുതെ തലോടിക്കൊണ്ടിരുന്നു.
ഹവല്ലിയിലെ പഴയൊരു ഫ്ലാറ്റിലെ ഒറ്റമുറിയായിരുന്നു അത്. ഒരു കട്ടിലും മേശയും രണ്ടു കസേരകളും ഉൾക്കൊള്ളുന്ന ഇടം. ഈ മുറിയിൽ അഞ്ചുമാസമായി നാടണയുന്നതും പ്രതീക്ഷിച്ചിരിക്കുകയാണീ 59 കാരി. 20 വർഷം നീണ്ട പ്രവാസത്തിനൊടുവിൽ ദുർബലമായ ഈ ശരീരത്തിൽ വന്നുചേരാത്ത അസുഖങ്ങളില്ല. ഇടതുകണ്ണിന്റെ കാഴ്ച കുറഞ്ഞു. മറ്റേക്കണ്ണിൽ മങ്ങൽ വന്നു തുടങ്ങി. ഉറക്കെ സംസാരിക്കാനും നടക്കാനും കഴിയാതെയായി. ഹൃദയാഘാതം വന്ന് മരണമുനമ്പിൽനിന്ന് രക്ഷപ്പെട്ട് നീണ്ട ആശുപത്രി വാസത്തിന് ശേഷമാണീ മുറിയിലെത്തിയത്.
രണ്ടു പതിറ്റാണ്ടുനീണ്ട കുവൈത്ത് പ്രവാസം ഈ കണ്ണൂർ സ്വദേശിക്ക് ഒരു നേട്ടവും ഉണ്ടാക്കിയില്ല. നഷ്ടങ്ങൾ ഒരുപാടുണ്ടാക്കുകയും ചെയ്തു. രക്ത ബന്ധങ്ങളുടെ കണ്ണികൾക്കിടയിൽ പ്രവാസം വിള്ളൽ വീഴ്ത്തി. ഭർത്താവിന്റെയും മക്കളുടെയും സ്നേഹ സാമീപ്യം നഷ്ടപ്പെട്ടു. ഇനിയൊരു കൂടിച്ചേരലിന് സാധ്യമല്ലാത്തവിധം അവർ അകന്നുപോയി. ആ ജീവിത കഥ അവരിങ്ങനെ പറഞ്ഞു.
സിനിമക്കഥ പോലൊരു ജീവിതം
ജനിച്ചുവീണതിനു പിറകെ രക്തബന്ധങ്ങളുടെ കണ്ണി അറ്റുപോയവരാണിവർ. സിനിമക്കഥയേക്കാളും വഴിതിരിവുകളുള്ള ജീവിതം. ജനിച്ചുവീണതിനു പിറകെ തെരുവിൽ ഉപേക്ഷിക്കപ്പെടുകയും ഏതോ വഴിപോക്കൻ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്ത കുഞ്ഞ്. പൊലീസ് ആശുപത്രിയിൽ എത്തിച്ച കുഞ്ഞിനെ മറ്റു രോഗികളെ കാണാൻ വന്ന കുട്ടികളില്ലാത്ത ദമ്പതികൾ ദത്തെടുത്തു വളർത്തുന്നു. എല്ലാ സൗകര്യങ്ങളും ഒരുക്കി മകളെ പോലെ സ്നേഹിക്കുന്നു. സ്കൂൾ വിദ്യാഭ്യാസത്തിനൊപ്പം സംഗീതവും പഠിപ്പിക്കുന്നു. പത്താം ക്ലാസ് കഴിഞ്ഞതോടെ സ്വർണവും പണവും നൽകി വിവാഹം കഴിപ്പിക്കുന്നു.
ഇതിനിടെ വളർത്തമ്മ മരിച്ചു. വൈകാതെ അച്ഛനും. ഇതോടെ വീണ്ടും അനാഥയായ ഇവർക്ക് ഭർത്താവ് മാത്രമായിരുന്നു ആശ്രയം. എന്നാൽ സ്വപ്നം കണ്ടതുപോലുള്ളൊരു ജീവിതമല്ല അവിടെ ലഭിച്ചത്. സ്വർണം ഭർത്താവ് വീടിനുവേണ്ടി ചെലവാക്കി. ശകാരവും അവഹേളനവും പതിവായി. ഇതിനിടെ രണ്ട് പെൺകുട്ടികളും ജനിച്ചു. ഭർത്താവ് ദേഹോപദ്രവവും കൂടി ആരംഭിച്ചതോടെ മക്കൾ തന്നെ അമ്മയോട് എവിടെയെങ്കിലും പോകാൻ പറഞ്ഞുതുടങ്ങി. പെൺകുട്ടികൾക്ക് അന്ന് 12,10 എന്നിങ്ങനെയായിരുന്നു പ്രായം.
ഇതിനിടെ കണ്ണൂരിൽ ഒരു വീട്ടിൽ കുഞ്ഞിനെ നോക്കുന്ന ജോലി ശരിയായി. മക്കളെ ഭർത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യയെ ഏൽപ്പിച്ചു വീട്ടിൽനിന്നിറങ്ങി. കുവൈത്തിൽ ജോലിക്കാരായിരുന്നു ആ വീട്ടുടമകൾ. പിന്നീട് മകളെ കുവൈത്തിലേക്ക് കൊണ്ടുവന്നപ്പോൾ അവർ ഇവരെയും കൂടെക്കൂട്ടി.
കുവൈത്ത് പ്രവാസത്തിന്റെ തുടക്കം
2004 ലാണ് കുവൈത്തിലെത്തുന്നത്. രണ്ടു വർഷം കൊണ്ടുവന്നവരുടെ വീട്ടിൽ ജോലികൾ ചെയ്തു ജീവിച്ചു. 2006ൽ അവിടെനിന്ന് പുറത്തിറങ്ങി ഹവല്ലിയിൽ മെസ്സ് തുടങ്ങി. ഇത് വലിയ നഷ്ടത്തിൽ എത്തിയതോടെ 2008ൽ മെസ്സ് പൂട്ടി മറ്റൊരു മലയാളിയുടെ വീട്ടിൽ കുട്ടികളെ നോക്കി ജീവിച്ചു.
11 വർഷം അങ്ങനെ പോയി. പിന്നീട് ജാബരിയയിലും മറ്റിടങ്ങളിലുമായി പല ജോലികളും ചെയ്തു. അതും അവസാനിച്ചതോടെ ഹവല്ലിയിൽ ഈ വർഷം ജനുവരി മുതൽ വീണ്ടും മെസ്സ് ആരംഭിച്ചു. പല ജോലികളിലേക്കുള്ള മാറ്റം വിസ അടിക്കാനുള്ള ചെലവ്, താമസം, കടങ്ങൾ എന്നിവ കൈയിൽ സമ്പാദ്യം ഒന്നും ബാക്കിയാക്കിയില്ല. നാട്ടിൽ പോകലും നീണ്ടുപോയി.
അതിനിടെ ഫെബ്രുവരി 23 നെഞ്ചുവേദന വന്ന് ആശുപത്രിയിലായി. ശരീരം നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിയത്. മരിച്ചെന്ന് കരുതിയതിനിടെയാണ് മെഷീനിൽ നേരിയ മിടിപ്പ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് ദീർഘനാൾ ആശുപത്രിയിൽ കഴിഞ്ഞ് മാർച്ച് 15ന് ഡിസ്ചാർജായി.
നിയമ തടസ്സങ്ങൾ നീങ്ങണം, ആശ്രയം വേണം
മെസ്സ് ആരംഭിക്കാൻ 600 ദീനാർ ഒരാളിൽനിന്ന് കടം വാങ്ങിയിരുന്നു. പലപ്പോഴായി ഈ തുക തിരിച്ച് അടച്ചെങ്കിലും അതുപോരെന്ന് കാണിച്ച് പണം നൽകിയ ആൾ കേസ് നൽകി. ഇതോടെ നിയമപ്രശ്നങ്ങളും ട്രാവൽബാനും വന്നു. അതിന്റെ നൂലാമാലകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല.
നീണ്ടകാലത്തെ വിട്ടുനിൽക്കൽ മക്കളിൽ അകൽച്ചക്കു കാരണമായി. ഭർത്താവുമായി പണ്ടേ ബന്ധമില്ല.
2010 ലാണ് അവസാനമായി മക്കളോടു സംസാരിച്ചത്. അച്ഛൻ അറിഞ്ഞാൽ കുഴപ്പമാണ്, അമ്മ ഇനി വിളിക്കേണ്ട എന്നു പറഞ്ഞത് അന്ന് ഫോൺ വെച്ചതാണ്. പിന്നീട് ഫോൺ എടുക്കാതെയായി. ഈ വിഷമങ്ങൾക്കിടെയാണ് രോഗം ആക്രമിച്ചതും കിടപ്പിലായതും. ഹോം നഴ്സിന്റെ സഹായത്താലാണ് നിലവിൽ മുന്നോട്ടുപോകുന്നത്.
ജീവിത സായാഹ്നത്തിൽ കുടുംബത്തിന്റെ തണൽ ഇവർ ആഗ്രഹിക്കുന്നുണ്ട്. നാട്ടിലെത്താൻ കൊതിയുമുണ്ട്. എന്നാൽ, തന്നെ ആര് സ്വീകരിക്കും എന്ന ആശങ്കയുണ്ട്. ആരും സ്വീകരിക്കാനെത്തിയില്ലെങ്കിലും ഏതെങ്കിലും വൃദ്ധസദനത്തിലെങ്കിലും അഭയം ലഭിക്കുമെന്നും പ്രതീക്ഷയുണ്ട്.
ആ ആഗ്രഹ സഫലീകരണത്തിന് ജീവകാരുണ്യ പ്രവർത്തകനായ സലീം കൊമ്മേരി, അബൂബക്കർ, ജിബിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുകയാണ്. ഇന്ത്യൻ എംബസിയും നടപടികൾ ഊർജിതപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.