തെരഞ്ഞെടുപ്പ്: നെറ്റിൽ ചുരിക ചുഴറ്റി പ്രവാസികൾ
text_fieldsകുവൈത്ത് സിറ്റി: നാട്ടിൽ തെരഞ്ഞെടുപ്പിന് അങ്കത്തട്ടുണർന്നപ്പോൾ സമൂഹമാധ്യമങ്ങളിൽ ചുരിക ചുഴറ്റി പ്രവാസികൾ. വലതുമാറി, ഇടതുവെട്ടി, ചാഞ്ഞൊഴിഞ്ഞ് അങ്കം കൊഴുക്കുകയാണ് ഇൻറർനെറ്റിൽ. മലയാളി പ്രവാസികളുടെ ഫേസ്ബുക്കിലും വാട്സാപ് ഗ്രൂപ്പുകളിലും പ്രധാന ഇനം ഇപ്പോൾ തെരഞ്ഞെടുപ്പ് പോര് തന്നെ. മാറ്റച്ചുരിക പോലെ വാദങ്ങളും മറുവാദങ്ങളും ന്യായീകരണ കാപ്സൂളുകളും മുകളിൽനിന്ന് വരും. ഇതിൽ വിദഗ്ധരായ ചേകവന്മാർ പ്രവാസ ലോകത്തുമുണ്ട്.
പരിചക്ക് മണ്ണുവാരി കണ്ണിലെറിഞ്ഞ് ചതിച്ചുവെട്ടുന്ന പുതിയ അടവായി ഫോൺകാൾ ചോർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നു. പന്തിപ്പഴുത് കാണുേമ്പാൾ പരിചക്ക് വെട്ടിയൊഴിഞ്ഞതാണെന്നറിയാനുള്ള പഠിപ്പ് തികഞ്ഞ പതംവന്ന ചേകവന്മാർ മുതൽ ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാൻ കൂടെ നിൽക്കുന്ന പോലെ നിസ്സാരമായി കിട്ടുന്നതെല്ലാം ഷെയർ ചെയ്യുന്നവർ വരെയുണ്ട് കളരിയിൽ. മർമം അറിഞ്ഞുള്ള പ്രയോഗങ്ങളിൽ ചുവടുപിഴക്കാതിരിക്കാൻ ജാഗ്രത വേണം.
ചുവട് പിഴച്ചാൽ എല്ലാം പിഴച്ചു. കാലും കോലും ഒരുമിച്ചു പോവണം. എങ്കിലേ അങ്കം ജയിക്കാൻ കഴിയൂ. എന്തിന് വെറുതെ ചാവേറാവണം എന്ന് നിനച്ച് ഇതിലൊന്നും ശ്രദ്ധിക്കാതെ ജോലിയും കാര്യങ്ങളും മാത്രം ശ്രദ്ധിച്ച് ജീവിക്കുന്നവരും കുറവല്ല.
എന്തെക്കെ പറഞ്ഞാലും നാട്ടിലെ പോലെ മെയ്ത്താരിയും കോൽത്താരിയും അങ്കത്താരിയും ഇവിടെയില്ല. വായ്ത്താരിയിൽ പോരുതീർത്ത് ബാച്ച്ലർ മുറികളിൽ പിന്നെ സൗഹൃദപ്പയറ്റ്. നാടുവിട്ട് മറുനാട്ടിലെത്തിയവർ ഇവിടെ ഒരേ കളരിയിൽ ജീവിതമെന്ന അങ്കത്തിന് കച്ചമുറുക്കിയവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.